കൊച്ചി: വധശ്രമക്കേസില്‍ ലക്ഷദ്വീപ് എം.പി മുഹമ്മദ് ഫൈസൽ നൽകിയ ഹർജിയിൽ ഹൈക്കോടതി ഇന്ന് വിധി പറയും. 10 വർഷത്തെ തടവുശിക്ഷ നടപ്പാക്കുന്നത് തടഞ്ഞ് ജാമ്യം നൽകണമെന്നാവശ്യപ്പെട്ടായിരുന്നു എം.പിയുടെ ഹരജി. ജസ്റ്റിസ് എൻ. നഗരേഷ് ആണ് വിധി പറയുന്നത്.
കവരത്തി സെഷൻസ് കോടതി വിധിച്ച ശിക്ഷ നടപ്പാക്കുന്നത് നേരത്തെ ഹൈക്കോടതി മരവിപ്പിച്ചിരുന്നു. എന്നാല്‍, ഇതു റദ്ദാക്കിയ സുപ്രീംകോടതി ഹർജി വീണ്ടും പരിഗണിക്കാൻ നിർദ്ദേശം നൽകുകയായിരുന്നു. പരാതിക്കാരനെ വധിക്കാൻ ശ്രമിച്ചിരുന്നില്ലെന്നും, കൃത്യമായ മൊഴികൾ പരിശോധിക്കാതെയാണ് വിചാരണാകോടതി ശിക്ഷ വിധിച്ചതെന്നുമാണ് ഫൈസലിൻ്റെ വാദം.
പരിക്കേറ്റവരെ പരിശോധിച്ച ഡോക്ടറുടെ നിർണായകമായ മൊഴി കോടതി പരിശോധിച്ചില്ലെന്നും മാരകായുധങ്ങൾ ഉപയോഗിച്ചെന്ന വാദം തെറ്റാണെന്നും ഫൈസൽ വാദിച്ചിരുന്നു. സുപ്രിംകോടതിയിലെ മുതിർന്ന അഭിഭാഷകൻ കപിൽ സിബലാണ് ഫൈസലിനായി ഹാജരായത്. ഫൈസലിൻ്റെ വാദത്തെ ശക്തമായി ലക്ഷദ്വീപ് ഭരണകൂടവും എതിർകക്ഷികളും എതിർത്തു.