ന്യൂഡല്‍ഹി : ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസലിന്റെ അയോഗ്യത പിന്‍വലിച്ചു. സുപ്രീം കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് എംപി സ്ഥാനം പുനഃസ്ഥാപിച്ചത്. ലോക്സഭാ സെക്രട്ടേറിയറ്റ് ഇത് സംബന്ധിച്ച് വിജ്ഞാപനം പുറത്തിറക്കി.
നേരത്തെ വിചാരണക്കോടതി, വധശ്രമക്കേസില്‍ മുഹമ്മദ് ഫൈസല്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയ വിധി സ്റ്റേ ചെയ്യാന്‍ കേരള ഹൈക്കോടതി വിസമ്മതിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ലോക്സഭാ സെക്രട്ടറിയേറ്റ് ക്രിമിനല്‍ കേസില്‍ ശിക്ഷിക്കപ്പെട്ട പ്രതിയെന്ന നിലയില്‍ മുഹമ്മദ് ഫൈസലിന്റെ എംപി സ്ഥാനത്തിന് അയോഗ്യത കല്‍പ്പിച്ചുകൊണ്ടുള്ള ഉത്തരവ് ഇറക്കിയത്.
തുടര്‍ന്ന് മുഹമ്മദ് ഫൈസല്‍ സുപ്രീം കോടതിയെ സമീപിക്കുകയും ജസ്റ്റിസ് ഋഷികേശ് റോയിയുടെ അധ്യക്ഷതയിലുള്ള ബെഞ്ച് ഫൈസലിന്റെ ഹര്‍ജി പരിഗണിച്ചുകൊണ്ട് കേരള ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്യുകയും ചെയ്തിരുന്നു. ഒക്ടോബര്‍ 9ന് ഉത്തരവ് പുറത്ത് വന്നതിന് പിന്നാലെ തന്റെ ലോക്സഭാ അംഗത്വം പുനഃസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് സ്പീക്കര്‍ക്കും ലോക്സഭാ സെക്രട്ടേറിയറ്റിന് പ്രത്യേകം കത്തുകള്‍ നല്‍കിയിരുന്നു. തുടര്‍ന്നാണ് മൂന്നാഴ്ചകള്‍ക്ക് ശേഷം എംപിസ്ഥാനം പുനഃസ്ഥാപിച്ച് പുറത്തിറക്കിയിരിക്കുന്നത്.