ന്യൂഡൽഹി: വയനാട് ഉരുൾപൊട്ടൽ ദുരന്തം വീണ്ടും ലോക്സഭയിൽ ഉന്നയിച്ച് മുൻ എം.പിയും പ്രതിപക്ഷ നേതാവുമായ രാഹുൽ ഗാന്ധി. ഉരുൾപൊട്ടലിനെ ദേശീയദുരന്തമാക്കണമെന്നും പുനരധിവാസ പാക്കേജ് പ്രഖ്യാപിക്കണമെന്നും രാഹുൽ കേന്ദ്രസർക്കാറിനോട് ആവശ്യപ്പെട്ടു. ജൂലൈ 31ന് ഉരുൾപൊട്ടൽ വിഷയം ലോക്സഭയിൽ ഉന്നയിച്ച രാഹുൽ ഗാന്ധി കേന്ദ്ര സർക്കാർ പ്രഖ്യാപിച്ച ധനസഹായം വർധിപ്പിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. വിഷയം കേന്ദ്രമന്ത്രിമാരുമായി ചർച്ച ചെയ്യുമെന്നും വയനാടിന് ആവശ്യമായ എല്ലാ സഹായങ്ങളും ലഭ്യമാക്കുമെന്നും രാഹുൽ അന്ന് വ്യക്തമാക്കിയിരുന്നു.
‘സഹോദരിക്കൊപ്പം ഏതാനും ദിവസം മുമ്പ് ഞാൻ വയനാട് സന്ദർശിച്ചിരുന്നു. വയനാട്ടിലുണ്ടായ ദുരന്തവും വേദനയും ഞാൻ നേരിട്ട് കണ്ടതാണ്. മരണസംഖ്യ 400 കടക്കുമെന്നാണ് കരുതുന്നത്. കേരളത്തിലെ എല്ലാ വിഭാഗക്കാരും വിവിധ ആശയങ്ങൾ പിന്തുടരുന്നവരും ഒന്നിച്ചുനിന്ന് ദുരന്തത്തെ നേരിടുന്നുവെന്നത് വലിയ കാര്യമാണ്. വയനാട് ഉരുൾപൊട്ടലിനെ ദേശീയ ദുരന്തമായി പ്രഖ്യാപിക്കണം.വയനാടിനായി സമഗ്ര പുനരധിവാസ പാക്കേജ് പ്രഖ്യാപിക്കണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെടുന്നു. പ്രകൃതിദുരന്തങ്ങളെ പ്രതിരോധിക്കാനാവുന്ന കെട്ടിടങ്ങൾ നിർമിക്കാനുള്ളത് ഉൾപ്പെടെയുള്ള സഹായം വേണം. വയനാട്ടിലെ അവസ്ഥ നേരിട്ട് കണ്ടതാണ്. മിക്ക കുടുംബങ്ങളിലും ഒന്നോ രണ്ടോ ആളുകൾ മാത്രമാണ് ഇപ്പോൾ അവശേഷിക്കുന്നത്. വയനാടിന്റെ പുനരുദ്ധാരണത്തിനായി സഭയിലെ എല്ലാവരും സഹകരിക്കണം ‘ -രാഹുൽ ഗാന്ധി അഭ്യർഥിച്ചു.
വലിയ ദുരന്തമാണ് വയനാട്ടിൽ സംഭവിച്ചിരിക്കുന്നത്. ദുരന്തമേഖലയിലെ സൈന്യത്തിന്റെ സേവനം എടുത്തു പറയേണ്ടതാണ്. വയനാട്ടിലെ ജനങ്ങളെ പിന്തുണക്കേണ്ടതും അവർക്ക് ആവശ്യമായ എല്ലാ സഹായങ്ങളും ലഭ്യമാക്കേണ്ടതും അനിവാര്യമാണ്. വെല്ലുവിളി നേരിടുന്ന ഈയവസരത്തിൽ വയനാടിനൊപ്പം നിൽക്കണമെന്ന് സർക്കാറിനോട് രാഹുൽ അഭ്യർഥിക്കുകയും ചെയ്തു. രണ്ടാം തവണയാണ് അവിടെ ദുരന്തം സംഭവിക്കുന്നത്. അഞ്ചുവർഷം മുമ്പും സമാന ദുരന്തമുണ്ടായിരുന്നു. ആ മേഖലയിൽ പാരിസ്ഥിതിക പ്രശ്നമുണ്ടെന്നാണ് മനസിലാക്കാൻ സാധിക്കുന്നത്. തീർച്ചയായും ഇതേകുറിച്ച് അന്വേഷണം ആവശ്യമാണ്. ദുരന്തം മറികടക്കാൻ അത്യാധുനിക സാങ്കേതിക വിദ്യകളുണ്ടെങ്കിൽ അത് ലഭ്യമാക്കേണ്ടതാണെന്നും രാഹുൽ ചൂണ്ടിക്കാട്ടി.