തിരുവനന്തപുരം: മാധ്യമപ്രവർത്തകർക്ക് നിഷ്പക്ഷമായി പ്രവർത്തിക്കാനുള്ള അവസരം ഇടതു സർക്കാർ ഇല്ലാതാക്കാൻ ശ്രമിക്കുന്നുവെന്ന് കേരള പത്രപ്രവര്‍ത്തക യൂണിയന് (കെയുഡബ്ല്യുജെ) . മാധ്യമപ്രവർത്തകർക്കെതിരായ കള്ളക്കേസുകളിൽ പ്രതിഷേധിച്ചും വിവിധ ആവശ്യങ്ങൾ ഉന്നയിച്ചും കേരള പത്രപ്രവര്‍ത്തക യൂണിയന് സെക്രട്ടറിയേറ്റിലേക്ക് പ്രതിഷേധ മാർച്ചിലാണ് മാധ്യമപ്രവർത്തകർ സംസ്ഥാന സർക്കാരിനെതിരെ കടുത്ത വിമർശനം ഉയർത്തിയത്.
രക്തസാക്ഷി മണ്ഡപത്തിന് മുന്നില്‍ നിന്നും രാവിലെ 11ന് തുടങ്ങിയ മാര്‍ച്ചിൽ നൂറുകണക്കിന് മാധ്യമപ്രവർത്തകർ പങ്കെടുത്തു.വിവിധ ട്രേഡ് യൂണിയൻ നേതാക്കള്‍ മാര്‍ച്ചിനെ അഭിസംബോധന ചെയ്തു.മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരെ എടുത്ത കള്ളക്കേസുകള്‍ പിൻവലിക്കുക, മാധ്യമ പ്രവര്‍ത്തകരുടെ സെക്രട്ടറിയറ്റ് പ്രവേശനം പുന:സ്ഥാപിക്കുക, നിയമസഭാ ചോദ്യോത്തരവേള ചിത്രീകരിക്കാൻ പത്ര- ദൃശ്യ മാധ്യമങ്ങള്‍ക്ക് ഉണ്ടായിരുന്ന അനുമതി പുനസ്ഥാപിക്കുക, ബജറ്റില്‍ പ്രഖ്യാപിച്ച ആയിരം രൂപ പെൻഷൻ വര്‍ദ്ധന പൂര്‍ണമായും നടപ്പാക്കുക, നിര്‍ത്തലാക്കിയ മാധ്യമപ്രവര്‍ത്തക പെൻഷൻ സെക്ഷൻ പുനസ്ഥാപിക്കുക, കരാര്‍ ജീവനക്കാരെയും ന്യൂസ് വീഡിയോ എഡിറ്റര്‍മാരെയും പെൻഷൻ പദ്ധതിയില്‍ ഉള്‍പ്പെടുത്തുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സെക്രട്ടറിയേറ്റ് മാര്‍ച്ച്. സംസ്ഥാന പ്രസിഡന്റ് എം.വി. വിനീതയും ജനറല്‍ സെക്രട്ടറി ആര്. കിരണ്‍ ബാബുവും മാർച്ചിന് നേതൃത്വം നൽകി .
മാധ്യമങ്ങളോടുള്ള വെല്ലുവിളി ഇടതുപക്ഷ സർക്കാരിന് ചേർന്നതല്ല. വാർത്ത റിപ്പോർട്ട് ചെയ്തതിന്റെ പേരിൽ പോലും പോലീസ് കേസെടുക്കുകയാണെന്നും കേരള പത്രപ്രവര്‍ത്തക യൂണിയൻ സംഘടിപ്പിച്ച സെക്രട്ടറിയേറ്റ് മാര്‍ച്ച് ഉദ്ഘാടനം ചെയ്ത് ചെന്നിത്തല പറഞ്ഞു.കേരളത്തിൽ ഏത് സർക്കാരുകൾ ഭരിച്ചിരുന്നപ്പോഴും മാധ്യമപ്രവർത്തകർക്ക് പ്രത്യേക പരിരക്ഷ നൽകിയിരുന്നു. എന്നാൽ ആ സ്വാതന്ത്ര്യം ഇപ്പോൾ വെട്ടിക്കുറയ്ക്കാനാണ് പിണറായി സർക്കാർ നീക്കം നടത്തുന്നത്. തെറ്റുകൾക്ക് എതിരായ ഓര്‍മപ്പെടുത്തലാണ് വാര്‍ത്തകളെന്നും ചെന്നിത്തല പറഞ്ഞു.