പത്തനംതിട്ട :ആവേശ തുഴയെറിഞ്ഞ് കോന്നി അടവിയിൽ കുട്ടവഞ്ചി മത്സരം. കേരളത്തിലെ ആദ്യത്തെ കുട്ടവഞ്ചി തുഴച്ചിൽ മത്സരമാണ് അടവിയിൽ നടന്നത്. അടവിയിൽ കല്ലാറിന്റെ ഇരു കരകളിലുമായി തിങ്ങിക്കൂടിയ ജനങ്ങൾക്ക് ആവേശമുണർത്തിയാണ് കുട്ടവഞ്ചികളുടെ പ്രദർശന ജലയാത്രയും, കുട്ട വഞ്ചി തുഴച്ചിൽ മത്സരവും നടന്നത്.
കോന്നി കരിയാട്ടം ടൂറിസം എക്സ്പോയുടെ ഭാഗമായി ടൂറിസം കേന്ദ്രങ്ങളുടെ വികസനം മുൻനിർത്തിയാണ് കുട്ടവഞ്ചി മത്സരം സംഘടിപ്പിച്ചത്. 25 കുട്ട വഞ്ചികളാണ് പ്രദർശന ജലയാത്രയിൽ പങ്കെടുത്തത്. എല്ലാ കുട്ടവഞ്ചികളും മനോഹരമായി അലങ്കരിച്ചിരുന്നു. പ്രദർശന ജലയാത്രയിൽ മികച്ച പ്രകടനം നടത്തുന്ന വഞ്ചിക്കും സമ്മാനം ഏർപ്പെടുത്തിയിരുന്നു. തുടർന്ന് നടന്ന മത്സരത്തിൽ 12 കുട്ട വഞ്ചികളാണ് പങ്കെടുത്തത്.
പ്രാഥമികമായി മൂന്ന് റൗണ്ടായാണ് മത്സരം നടന്നത്. പി എസ് ബാബുവും രവി നന്ദാവനവും തുഴഞ്ഞ ശിവ തീർത്ഥം ഒന്നാം സ്ഥാനവും മുരളീധരൻ നായരും സത്യവ്രതനും തുഴച്ചിൽകാരായ വടക്കേ മണ്ണീറ രണ്ടാം സ്ഥാനവും പി ആർ സഞ്ചുവും ഷിജു വർഗീസും തുഴഞ്ഞ പെഗാസസ് മൂന്നാം സ്ഥാനവും കരസ്ഥമാക്കി. പ്രദർശന ജലയാത്രയിൽ ശാന്തകുമാർ തുഴഞ്ഞ കുട്ട വഞ്ചി ഒന്നാം സ്ഥാനം നേടി.