ആലപ്പുഴ: കിഴക്കൻ ജില്ലകളിലും കുട്ടനാട്ടിലും മഴ മാറിനിന്നിട്ടും കുട്ടനാട്ടിൽ ജലനിരപ്പുയർന്നുതന്നെ. അച്ചൻകോവിലാറും മണിമലയാറും പമ്പയും കരകവിഞ്ഞൊഴുകുന്നതിനാലാണ് വെള്ളക്കെട്ടിന് കുറവില്ലാത്തത്. റോഡുകളെല്ലാം മുങ്ങിയതോടെ അസുഖം വന്നാൽ ആശുപത്രികളിൽ പോകാൻ കഴിയാത്ത അവസ്ഥയാണ്.
വെള്ളം ഇറങ്ങാൻ വൈകുന്നത് ജനങ്ങളുടെ ദുരിതം വർധിപ്പിക്കുന്നു. റേഷൻകടകളിൽ പലതിലും വെള്ളം കയറുന്ന അവസ്ഥയാണ്. മുട്ടാർ, വെളിയനാട്, രാമങ്കരി, പുളിങ്കുന്ന്, കാവാലം, നീലംപേരൂർ പഞ്ചായത്തുകളിൽ ജലനിരപ്പിൽ മാറ്റമില്ല. അപ്പർകുട്ടനാട്ടിൽ ജലനിരപ്പ് താഴ്ന്നു തുടങ്ങി. കിഴക്കൻ വെള്ളത്തിന്റെ വരവ് നിലച്ചതോടെയാണ് വെള്ളം കുറഞ്ഞുതുടങ്ങിയത് . നെടുമ്പ്രം, നിരണം, തലവടി ഭാഗങ്ങളിൽ ശനി വൈകിട്ടോടെ അരയടിയോളം വെള്ളം ഇറങ്ങി. എങ്കിലും പല റോഡുകളും വെള്ളത്തിലാണ്. മുട്ടർ, എടത്വാ, വീയപുരം, തകഴി പ്രദേശങ്ങളിലെ ജലനിരപ്പ് നേരിയ തോതിലാണ് താഴുന്നത്.
തലവടി ഹയർ സെക്കൻഡറി സ്കൂൾ, തലവടി മണലേൽ സ്കൂൾ, മാണത്താറ അങ്കണവാടി, ചന്ദ്രാനന്ദൻ സ്മാരകഹാൾ, വീയപുരം ഹയർ സെക്കൻഡറി സ്കൂൾ, വെള്ളംകുളങ്ങര ഗവ. എൽപി സ്കൂൾ, കാരിച്ചാൽ സെന്റ് മേരീസ് സ്കൂൾ, മേൽപ്പാടം സെന്റ് കുര്യാക്കോസ് സ്കൂൾ, തകഴി ദേവസ്വം ബോർഡ് ഹൈസ്കൂൾ, എടത്വ കോളേജ്, മുട്ടാർ സെന്റ് ജോർജ് ഹയർ സെക്കൻഡറി സ്കൂൾ എന്നിവിടങ്ങളിലെ ദുരിതാശ്വാസ ക്യാമ്പിൽ അതിഥിത്തൊഴിലാളികൾ ഉൾപ്പെടെയുള്ള കുടുംബങ്ങൾ കഴിയുന്നുണ്ട്.