ആലപ്പുഴ : കുട്ടനാട്ടിൽ കർഷക ആത്മഹത്യയിൽ വിശദീകരണവുമായി ഭക്ഷ്യ വകുപ്പ് മന്ത്രി ജിആര്‍ അനില്‍. മരിച്ച പ്രസാദിന് പിആർഎസ് കുടിശിക ഇല്ലെന്നാണ് മന്ത്രി വ്യക്തമാക്കിയത്. കഴിഞ്ഞ വർഷം എടുത്ത പിആര്‍എസ് വായ്പ അടച്ചു തീർത്തതായാണ് മന്ത്രി പറയുന്നത്. 2022- 23 കാലയളവിൽ എടുത്ത വായ്പ തിരിച്ചടവിന്റെ സമയപരിധി ആവുന്നതേയുള്ളൂ. അതിനാവ് പിആര്‍എസ് വായ്പയിലെ കുടിശ്ശിക അല്ല കര്‍ഷകന്റെ സിബില്‍ സ്കോറിനെ ബാധിച്ചതെന്ന് അദ്ദേഹം വ്യക്തമാക്കി.
പിആര്‍ എസ് വായ്പ എടുക്കുന്നത് മൂലം കര്ഷകന് ബാധ്യത വരുന്നില്ല. തുകയും പലിശയും സപ്ലൈകോ അടച്ചുതീര്‍ക്കും. 2021-22 കാലയളവിൽ ഈ കര്ഷകനില് നിന്ന് സംഭരിച്ച നെല്ലിന്റെ വില പി ആര് എസ് വായ്പയായി ഫെഡറല്‍ ബാങ്ക് വഴി നല്‍കുകയും സമയബന്ധിതമായി അടച്ചുതീര്‍ക്കുകയും ചെയ്തു. 2022-23 സീസണിലെ ഒന്നാം വിളയായി ഇയാളില്‍ നിന്ന് 4896 കിലോഗ്രാം നെല്ല് സംഭരിക്കുകയും നെല്ലിന്റെ വിലയായി 1,38,655 രൂപ കേരളാ ബാങ്ക് വഴി പി ആര് എസ് വായ്പയായി അനുവദിക്കുകയും ചെയ്തിട്ടുണ്ട്. അതിന്റെ തിരിച്ചടവിന്റെ സമയപരിധി ആവുന്നതേയുള്ളൂ. ആയതിനാല്‍ പി ആര് എസ് വായ്പയിലെ കുടിശ്ശിക അല്ല കര്‍ഷകന്റെ സിബില്‍ സ്കോറിനെ ബാധിച്ചതെന്ന് മനസിലാക്കാം. – ജിആർ അനിൽ പറഞ്ഞു.
മുന്‍കാല വായ്പകള്‍ ഒറ്റത്തവണയായി തീര്‍പ്പാക്കുന്ന ഇടപാടുകാരുടെ സിബില്‍ സ്കോറിനെ ഇത് ബാധിക്കുകയും ഇത്തരക്കാര്‍ക്ക് പിന്നീട് വായ്പകള്‍ നല്കാന് ബാങ്കുകള്‍ വിമുഖത കാണിക്കുകയും ചെയ്യുന്ന സ്ഥിതി നിലനില്‍ക്കുന്നുണ്ട്. പ്രസാദിന്റെ മരണത്തിലെ വെളിപ്പെടുത്തല്‍ സംബന്ധിച്ച വിശദാംശങ്ങള്‍ കൂടുതല്‍ അന്വേഷണത്തിലൂടെ പുറത്തുവരേണ്ടതുണ്ടെന്നും മന്ത്രി വാര്‍ത്താ കുറിപ്പില്‍ വ്യക്തമാക്കി.