തൃശൂര്‍: കുതിരാന്‍ വഴുക്കുംപാറയില്‍ ദേശീയപാതയില്‍ വിള്ളലുണ്ടായ ഭാഗം പൊളിക്കുന്നു. റോഡ് തകര്‍ന്ന 50 മീറ്റര്‍ ആണ് ജെസിബി ഉപയോഗിച്ച് പൊളിക്കുന്നത്. കനത്തമഴയെത്തുടര്‍ന്ന് ഈ ഭാഗത്ത് റോഡ് തകര്‍ന്നിരുന്നു. ഏകദേശം ഒന്നരയടി താഴ്ചയിലും 10 മീറ്റര്‍ നീളത്തിലുമാണ് റോഡ് ഇടിഞ്ഞ് താഴ്ന്നത്.
മണ്ണുത്തി – വടക്കഞ്ചേരി ദേശീയപാതയിലെ വഴുക്കുംപാറയില്‍ വിള്ളലുണ്ടായ പ്രദേശത്തെ റോഡ് പൂര്‍ണമായി പൊളിച്ചുമാറ്റി പുനര്‍നിര്‍മിക്കാനാണ് അധികൃതര്‍ ലക്ഷ്യമിടുന്നത്. 60 ദിവസത്തിനുള്ളില്‍ റോഡ് പഴയപടി ആക്കാനാണ് ഉദ്ദേശിക്കുന്നത്. റോഡിന്റെ അറ്റകുറ്റപണിയുടെ ഭാഗമായി ദേശീയ പാതയില്‍ ഈ ഭാഗത്ത് വാഹനങ്ങളെ ഒറ്റവരിയായാണ് കടത്തിവിടുന്നത്. പൊളിച്ചു മാറ്റുമ്പോള്‍ റോഡ് ഇടിഞ്ഞുവീഴാനുള്ള സാഹചര്യം കണക്കിലെടുത്ത് സമീപത്തെ വര്‍ക്ക്ഷോപ്പ്, പ്രാഥമികാരോഗ്യ കേന്ദ്രം, വായനശാല എന്നിവ അടച്ചിടാനുള്ള നോട്ടീസ് പൊലീസും ദേശീയപാത അധികൃതരും വ്യാഴാഴ്ച നല്‍കിയിരുന്നു. പുനര്‍നിര്‍മാണം നടത്തുമ്പോഴും സര്‍വീസ് റോഡ് നിലനിര്‍ത്തണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെടുന്നു.