തിരുവനന്തപുരം: തിരുവനന്തപുരം നഗരസഭയിലെ വള്ളക്കടവിൽ കുടുംബശ്രീ യോഗത്തിനിടെ കൂട്ടത്തല്ല്. സംഘർഷത്തിനിടെ യോഗത്തിനെത്തിയ സ്ത്രീയുടെ പിഞ്ചുകുഞ്ഞിനടക്കം പരിക്കേറ്റെന്ന് പരാതി ഉയർന്നിട്ടുണ്ട്.കുടുംബശ്രീ വാർഡ് തലത്തിൽ നടത്തിയ കമ്യൂണിറ്റി കിച്ചണിന്റെ പ്രവർത്തനവുമായി ബന്ധപ്പെട്ട തർക്കവും സാമ്പത്തിക ഇടപാടുകളെപ്പറ്റിയുള്ള ആരോപണങ്ങളുമാണ് കൂട്ടത്തല്ലിൽ കലാശിച്ചത്.
വള്ളക്കടവ് കമ്യൂണിറ്റി ഹാളിലെ യോഗത്തിനിടെ, കുടുംബശ്രീ ഭരണസമിതി അംഗങ്ങൾക്കെതിരെ വിനീത നാസർ എന്ന യുവതി ചില ആരോപണങ്ങൾ ഉന്നയിച്ചു.കുടുംബശ്രീ എഡിഎസ് നേതൃത്വം ഫണ്ട് വെട്ടിപ്പ് നടത്തിയെന്നും കൃത്യമായ കണക്ക് അവതരിപ്പിക്കണമെന്നും കോർപ്പറേഷൻ കൗൺസിലർ ഷാജിദ നാസറിന്റെ മകൾ കൂടിയായ വിനീത ആവശ്യപ്പെട്ടതോടെയാണ് തർക്കമുണ്ടായത്.
ഔദ്യോഗിക വിഭാഗവും വിനീതയുടെ നേതൃത്വത്തിലുള്ളവരും പരസ്പരം ആക്രമിച്ചതോടെ തർക്കം കൂട്ടത്തല്ലിലേക്ക് വഴിമാറുകയായിരുന്നു. തല്ലിനിടെ യോഗത്തിനെത്തിയ ഒരു സ്ത്രീയുടെ കുട്ടിക്ക് പരിക്കേറ്റു. ഇതോടെ ഇരുവിഭാഗവും പരസ്പരം ആരോപണങ്ങൾ ഉന്നയിച്ച് പൊലീസിൽ പരാതി നൽകുകയായിരുന്നു. വളളക്കടവ് സിപിഎമ്മിലെ ആഭ്യന്തര പ്രശ്നങ്ങൾ മൂലം വിനീതയുടെ നേതൃത്വത്തിൽ ചിലർ പാർട്ടി വിട്ട് സിപിഐ അംഗത്വം സ്വീകരിച്ചെന്നും ഇതും തർക്കത്തിന് കാരണമായെന്നും വിവരമുണ്ട്.