തിരുവനന്തപുരം: വായ്പാ കുടിശ്ശിക അടക്കാത്തതിന് കെ.എസ്.ആർ.ടി.സിക്ക് കെ.ടി.ഡി.എഫ്.സിയുടെ ജപ്തി നോട്ടിസ്. 700 കോടി രൂപയുടെ വായ്പയാണു തിരിച്ചടയ്ക്കാനുള്ളത്. ഇത് എത്രയും പെട്ടെന്ന് അടച്ചുതീർത്തില്ലെങ്കിൽ സ്ഥാവര ജംഗമവസ്തുക്കൾ ജപ്തി ചെയ്യുമെന്ന് മുന്നറിയിപ്പുണ്ട്.
നേരത്തെ അനുവദിച്ച വായ്പയുടെ തിരിച്ചടവ് മുടങ്ങിയതോടെയാണു ജപ്തി നടപടിയിലേക്കു നീങ്ങാൻ കേരള ട്രാൻസ്പോർട്ട് ഡെവലപ്മെന്റ് ഫിനാൻസ് കോർപറേഷന്റെ നീക്കം. കെ.ടി.ഡി.എഫ്.സിയും തകർച്ചയുടെ വക്കിലാണുള്ളത്. അതിനാൽ, കെ.എസ്.ആർ.ടി.സിക്കു നൽകിയ പണം തിരിച്ചുപിടിക്കാനാണ് കോർപറേഷൻ നീക്കം.
പലിശസഹിതം പണം തിരിച്ചടക്കണമെന്നാണ് കെ.ടി.ഡി.എഫ്.സി ആവശ്യപ്പെട്ടിരിക്കുന്നത്. ഇനിയൊരു മുന്നറിയിപ്പ് ഇക്കാര്യത്തിലുണ്ടാകില്ലെന്നും അറിയിച്ചിട്ടുണ്ട്. കോടതിയോ സർക്കാരോ ഇടപെട്ടില്ലെങ്കിൽ ഉടൻ തന്നെ നടപടിയിലേക്കു നീങ്ങിയേക്കും. ജപ്തി നടപടിയുടെ നോട്ടിസ് കെ.എസ്.ആർ.ടി.സിക്ക് നൽകിയിട്ടുണ്ട്.