തിരുവനന്തപുരം: കേരള ടൂറിസം ഡെവലപ്മെന്റ് കോർപ്പറേഷൻ സംസ്ഥാനത്തെ പ്രധാന ടൂറിസം കേന്ദ്രങ്ങളിൽ കുടുംബ സമേതം സന്ദർശിക്കാൻ ആനുകൂല്യങ്ങളോടെ മൺസൂൺ പാക്കേജുകൾ ഒരുക്കി. തേക്കടി, മൂന്നാർ, പൊൻമുടി, കുമരകം, കൊച്ചി എന്നിവിടങ്ങളിലെ കെ.ടി.ഡി.സി. റിസോർട്ടുകളിലാണ് പാക്കേജ്.
തിരുവനന്തപുരത്തെ മസ്ക്കറ്റ് ഹോട്ടൽ, തേക്കടിയിലെ ആരണ്യനിവാസ്, കൊച്ചിയിലെ ബോൾഗാട്ടി പാലസ് എന്നിവിടങ്ങളിൽ 2 രാത്രിയുൾപ്പെടെ 3 ദിവസത്തെ താമസം, പ്രഭാത ഭക്ഷണം, നികുതികൾ എന്നിവ മാതാപിതാക്കൾ ഉൾപ്പെടെ 12 വയസ്സിൽ താഴെയുള്ള രണ്ട് കുട്ടികൾക്ക് 9,999 രൂപയ്ക്കും കുമരകത്തെ വാട്ടർസ്കേപ്സ്, മൂന്നാറിലെ ടീ കൗണ്ടി എന്നിവിടങ്ങളിൽ 11999 രൂപയ്ക്കും പാക്കേജ് ലഭ്യമാണ്.
കൂടാതെ ബഡ്ജറ്റ് ഡെസ്റ്റിനേഷൻ റിസോർട്ടുകളായ തേക്കടിയിലെ പെരിയാർ ഹൗസ്, തണ്ണീർമുക്കത്തെ സുവാസം കുമരകം ഗേറ്റ്വേ
റിസോർട്ട്, പൊൻമുടിയിലെ ഗോൾഡൻ പീക്ക്, മലമ്പുഴയിലെ ഗാർഡൻഹൗസ് എന്നിവിടങ്ങളിൽ 4,999 രൂപയാണ്. നിലമ്പൂരിലെ ടാമറിൻഡ് ഈസി ഹോട്ടൽ, മണ്ണാർക്കാടിലെ ടാമറിൻഡ് ഈസി ഹോട്ടൽ എന്നിവയിൽ 3,499 രൂപയുമാണ്.
ജൂൺ മുതൽ സെപ്റ്റംബർ 30 വരെയാണ പാക്കേജുകൾ പ്രാബല്യത്തിൽ ഉണ്ടാകുക. ഓണക്കാലത്തും,വെള്ളി,ശനി, മറ്റ് അവധിദിവസങ്ങളിലും ഈ പാക്കേജ് ലഭ്യമല്ല. അതുപോലെ തന്നെ ജോലിയിൽ നിന്നും വിരമിച്ചവർക്കും പ്രവാസികൾക്കും പ്രത്യേകം പാക്കേജുകളും ക്രമീകരിച്ചിട്ടുണ്ട്. മൂന്നുരാത്രിയും നാല് പകലും താമസം, ഭക്ഷണം ഉൾപ്പെടെ 13500 രൂപയിലാണ് ആരംഭിയ്ക്കുന്നത്.
വിവരങ്ങൾക്ക് അതാത് ഹോട്ടലുകളിലോ കെ.ടി.ഡി.സി വെബ്സൈറ്റ് www.ktdc.com/packages, centralreservations@ktdc.com, 0471-2316736, 2725213, 9400008585, എന്നിവയിലോ ബന്ധപ്പെടാം.