തിരുവനന്തപുരം : മന്ത്രി ആർ ബിന്ദുവിന്റെ വാർത്താസമ്മേളനത്തിനിടെ കെഎസ്യു പ്രതിഷേധം. മന്ത്രിയുടെ ഓഫീസിലേക്കാണ് കെഎസ്യു പ്രവർത്തകർ പ്രതിഷേധവുമായി ഇരച്ചുകയറിയത്. മുദ്രാവാക്യങ്ങളുമായി പ്രവർത്തകർ മന്ത്രിക്ക് നേരെ പാഞ്ഞടുക്കുകയായിരുന്നു. സുരക്ഷാ ഉദ്യോഗസ്ഥവും മന്ത്രിയുടെ ജീവനക്കാരും ചേർന്ന് പ്രവർത്തകരെ തടഞ്ഞു.
പ്രതിഷേധക്കാരെ പൊലീസ് പിന്നീട് അറസ്റ്റ് ചെയ്തു നീക്കി. അതേസമയം കെഎസ്യു നടത്തുന്നത് സമരാഭാസമാണെന്ന് മന്ത്രി പ്രതികരിച്ചു. തൃശൂർ കേരളവർമ കോളജ് യൂണിയൻ തെരഞ്ഞെടുപ്പുമായി തനിക്ക് ഒരു ബന്ധവുമില്ല. തെരഞ്ഞെടുപ്പിൽ ഇടപ്പെട്ടു എന്ന് പറയുന്നവർ തെളിവുകൾ പുറത്തുവിടട്ടെ എന്നും മന്ത്രി പറഞ്ഞു. ജനാധിപത്യ ബോധത്തോടെ കാര്യങ്ങളെ കാണാനുള്ള സമചിത്തത കെഎസ്യുവിന് ഇല്ലെന്നും മന്ത്രി കുറ്റപ്പെടുത്തി. അതേസമയം കേരളവർമ കേളജിലെ തെരഞ്ഞെടുപ്പ് അട്ടിമറിയിൽ അന്വേഷണം ആവശ്യപ്പെട്ട് കെഎസ്യു ഡിജിപിക്ക് പരാതി നൽകി. ഉന്നത വിദ്യാഭ്യാസമന്ത്രി ആർ ബിന്ദുവിനെ വഴിയിൽ തടയുന്നത് തുടരുമെന്ന് കെഎസ്യു സംസ്ഥാന അധ്യക്ഷൻ അലോഷ്യസ് സേവ്യർ വ്യക്തമാക്കി. മന്ത്രി എസ്എഫ്ഐക്ക് ഒത്താശ ചെയ്യുന്നുവെന്നും കെഎസ്യു ആരോപിച്ചു.