തിരുവനന്തപുരം: തിരുവനന്തപുരത്ത് പൊലീസ് ആസ്ഥാനത്തേക്ക് കെ എസ് യു നടത്തിയ മാര്‍ച്ച് സംഘര്‍ഷത്തില്‍ കലാശിച്ചു. മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിക്കുന്നവര്‍ക്കു നേരെയുള്ള പൊലീസ് അതിക്രമത്തിനെതിരെയായിരുന്നു മാര്‍ച്ച്. നവകേരള സദസ്സിന്റെ ഫ്ലക്സുകളും ബോര്‍ഡുകളും പ്രവര്‍ത്തകര്‍ നശിപ്പിച്ചു.
കെപിസിസി ആസ്ഥാനത്തു നിന്നാണ് ഡിജിപി ഓഫീസ് മാര്‍ച്ച് ആരംഭിച്ചത്. മാത്യു കുഴല്നാടന് എംഎല്‍എയാണ് മാര്‍ച്ച് ഉദ്ഘാടനം ചെയ്തത്. പൊലീസിനെ നിലക്കു നിര്‍ത്താന്‍ പിണറായി വിജയന് തയ്യാറായില്ലെങ്കില്‍ നിയമം കയ്യിലെടുക്കുന്ന നില വരുമെന്ന് കെഎസ് യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യര്‍ പറഞ്ഞു.
ബാരിക്കേഡുകള്‍ തകര്‍ക്കാന്‍ കെഎസ് യു പ്രവര്‍ത്തകര്‍ ശ്രമിച്ചു. പൊലീസിനു നേര്‍ക്ക് ഏതാനും പ്രവര്‍ത്തകര്‍ കമ്പും വടിയുമെറിഞ്ഞു. പൊലീസും കെഎസ് യു പ്രവര്‍ത്തകരും തമ്മില്‍ ഉന്തും തള്ളുമുണ്ടായി. പൊലീസിന് നേര്‍ക്ക് മുളകുപൊടിയുമെറിഞ്ഞു. ഇതേത്തുടര്‍ന്ന് പൊലീസ് ലാത്തിവീശി. പ്രവര്‍ത്തകരെ പിരിച്ചു വിടാന്‍ പൊലീസ് ജലപീരങ്കിയും പ്രയോഗിച്ചു.
ഇടുക്കി വണ്ടിപ്പെരിയാറില്‍ യൂത്ത് കോണ്‍ഗ്രസ് നടത്തിയ പൊലീസ് സ്റ്റേഷന് മാര്‍ച്ചിലും സംഘര്‍ഷമുണ്ടായി. പ്രവര്‍ത്തകരും പൊലീസും തമ്മില്‍ ഏറ്റുമുട്ടി. തുടര്‍ന്ന് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പിരിച്ചു വിടാന്‍ പൊലീസ് ജലപീരങ്കിയും ലാത്തിച്ചാര്‍ജും നടത്തി. ലാത്തിച്ചാര്‍ജില്‍ ഏതാനും യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു.