തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് കെഎസ്യു ക്ലിഫ് ഹൗസിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷം. പൊലീസും പ്രവർത്തകരും തമ്മിൽ ഉന്തും തള്ളും ഉണ്ടായി. പ്രവർത്തകരെ പിരിച്ചുവിടാൻ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു.
മുഖ്യമന്ത്രി രാജിവയ്ക്കുക, വീണാ വിജയനെതിരായ ആരോപണങ്ങൾ അന്വേഷിക്കുക, മാത്യു കുഴൽനാടനെ സർക്കാർ വേട്ടയാടുന്നത് അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് സംസ്ഥാന അധ്യക്ഷൻ അലോഷ്യസ് സേവ്യറിന്റെ നേതൃത്വത്തിലാണ് പ്രവർത്തകർ പ്രതിഷേധവുമായി എത്തിയത്. പ്രകടനമായി എത്തിയ പ്രവർത്തകരെ പൊലീസ് ബാരിക്കേഡ് വച്ച് തടഞ്ഞതോടെയാണ് സംഘർഷം തുടങ്ങിയത്. പ്രതിഷേധക്കാർ ബാരിക്കേഡ് മറികടക്കാൻ ശ്രമിച്ചതോടെ പോലീസ് തടഞ്ഞു. തുടർന്ന് പൊലീസും പ്രവർത്തകരും തമ്മിൽ മുഖാമുഖം വന്നു. ഇവരെ പിരിച്ചുവിടാൻ ജലപീരങ്കി പ്രയോഗിച്ചതോടെ പ്രതിഷേധക്കാർ റോഡിൽ കുത്തിയിരുന്നു. തുടർന്ന് പൊലീസ് ബലംപ്രയോഗിച്ച് പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്തു നീക്കുകായയിരുന്നു.