കോഴിക്കോട് : റംസാന് മാസത്തില്‍ കെഎസ്ആര്‍ടിസിയുടെ ബജറ്റ് ടൂറിസത്തിന്റെ ഭാഗമായുള്ള സിയാറത്ത് യാത്ര (തീര്‍ഥാടന യാത്ര) വിവാദത്തില്‍. മാര്‍ച്ച് 20ന് മലപ്പുറം ഡിപ്പോയില്‍ നിന്ന് പുറപ്പെടുന്ന യാത്രയില്‍ പുരുഷന്മാര്ക്ക് മാത്രമാണ് പങ്കെടുക്കാനാവുക. യാത്ര സംബന്ധിച്ച് വിവിധ കോണുകളില്‍ ശക്തമായ എതിര്‍പ്പാണ് ഉയരുന്നത്. കോഴിക്കോട്, മലപ്പുറം ജില്ലകളിലുള്ള വിവിധ മഖാമുകള്‍ (ഇസ്ലാമിക ആരാധനായലയങ്ങള്‍), നോളജ് സിറ്റിയിയില്‍ ഇഫ്താര്‍, തറാവീഹ് എന്നിവയാണ് യാത്രയില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്.
ഓമാനൂര്‍ ശുഹദാ മഖാം, ശംസുല്‍ ഉലമ മഖാം, വരക്കല്‍ മഖാം, ഇടിയങ്കര മഖാം, പാറപ്പള്ളി, സിഎം മഖാം, ഒടുങ്ങക്കാട് മഖാം എന്നിവിടങ്ങളില്‍ നിര്‍ത്തി മര്‍കസ് നോളജ് സിറ്റിയില്‍ യാത്ര സമാപിക്കും. 600 രൂപയാണ് ടിക്കറ്റ് നിരക്ക്. മലപ്പുറം ഡിപ്പോയില്‍ നിന്ന് രാവിലെ 7 മണിക്ക് പുറപ്പെട്ട് അര്‍ദ്ധ രാത്രിയോടെ തിരിച്ചെത്തുന്ന രീതിയിലാണ് യാത്ര ക്രമീകരിച്ചിരിക്കുന്നത്.
സാമൂഹിക പ്രവര്‍ത്തകര്‍ കെഎസ്ആര്‍ടിസിയുടെ പുതിയ സേവനത്തിനെതിരെ ശക്തമായ വിമര്‍ശനവുമായി രംഗത്ത് വന്നു. പുരുഷന്മാര്ക്ക് മാത്രമായി വണ്ടി ഓടിക്കുന്നത് ഭരണഘടനാ ലംഘനമല്ലേ, ഇടത് സര്‍ക്കാരേ എന്നാണ് മുതിര്‍ന്ന പത്രപ്രവര്‍ത്തക കെ കെ ഷാഹിന ഫെയ്സ്ബുക്കില്‍ കുറിച്ചത്. ”ഈ വാര്‍ത്ത സത്യമാണെങ്കില്‍ ഇതേത് നിയമപ്രകാരമാണ് എന്ന് ബഹു. കെ എസ് ആര് ടി സി മന്ത്രി വ്യക്തമാക്കിയാല്‍ കൊള്ളാമായിരുന്നു. ഇഫ്താറും തറാവീഹുമൊക്കെ ആരെങ്കിലും നടത്തിക്കോട്ടെ. പക്ഷേ അങ്ങോട്ട് പുരുഷന്മാര്ക്ക് മാത്രമായി വണ്ടി ഓടിക്കുന്നത് ഭരണഘടനാ ലംഘനമല്ലേ ഇടത് പക്ഷ സര്‍ക്കാരെ?”, ഷാഹിന കുറിച്ചു.
അതേസമയം പള്ളികളുമായി കൂടിയാലോചിച്ചാണ് ഇത്തരമൊരു തീരുമാനമെടുത്തതെന്ന് പേര് വെളിപ്പെടുത്താതെ ഒരു കെഎസ്ആര്‍ടിസി ട്രിപ്പ് കോര്‍ഡിനേറ്റര്‍ പറഞ്ഞു. ഇഫ്താറിനായി പള്ളികളില്‍ പോകുന്നത് കൂടുതലും പുരുഷന്മാരായതിനാല് അതിനനുസരിച്ച് സേവനം ക്രമീകരിക്കാന്‍ തീരുമാനിച്ചു. റംസാന് അവസാനം വരെ ഈ ക്രമീകരണം തുടരുമെന്നും വൃത്തങ്ങള്‍ പറഞ്ഞു. യാത്രയെ എതിര്‍ക്കുകയും പിന്തുണയ്ക്കുകയും ചെയ്തുകൊണ്ട് സാമൂഹിക മാധ്യമങ്ങളില്‍ വ്യത്യസ്ത അഭിപ്രായങ്ങളാണുള്ളത്.