തിരുവനന്തപുരം : കെഎസ്ആര്‍ടിസി ജീവനക്കാരുടെ യൂണിഫോം കാക്കിയിലേക്ക് മടങ്ങുന്നു. വിവിധ വിഭാഗം ജീവനക്കാരുടെ യൂണിഫോം സംബന്ധിച്ച് ഉത്തരവിറങ്ങി. തൊഴിലാളി യൂണിയനുകളുടെ ആവശ്യപ്രകാരമാണ് നടപടി.
കണ്ടക്ടര്‍/ഡ്രൈവര്‍ തസ്തികയിലുള്ളവര്‍ക്ക് കാക്കി പാന്റ്സും കാക്കി ഹാഫ് സ്ലീവ് ഷര്‍ട്ടുമാണ് യൂണിഫോം. വനിതാ കണ്ടക്ടര്‍ക്ക് കാക്കി ചുരിദാറും ഓവര്‍കോട്ടും. യൂണിഫോമില്‍ നെയിംബോര്‍ഡും ഉണ്ടാകും. പരിഷ്കാരം ഉടന്‍ നടപ്പാക്കാനാണ് തീരുമാനം. ഇതിനായി 60,000 മീറ്റര്‍ തുണി കേരള ടെക്സ്റ്റൈല്‍ കോര്പറേഷന് കൈമാറി. മെക്കാനിക്കല്‍ ജീവനക്കാര്‍ നീല വസ്ത്രത്തിലേക്ക് മാറും.
2015ലാണ് കെഎസ്ആര്‍ടിസി ജീവനക്കാരുടെ യൂണിഫോം നീലയാക്കിയത്. യൂണിഫോം തിരിച്ച് കാക്കിയാക്കണമെന്ന് തൊഴിലാളി യൂണിയന് വളരെ നാളുകളായി ആവശ്യമുന്നയിച്ചിരുന്നു. ഇതേത്തുടര്‍ന്ന് യൂണിഫോം തിരിച്ച് കാക്കിയാക്കാം എന്ന് തീരുമാനിച്ചിരുന്നെങ്കിലും ഉത്തരവായിരുന്നില്ല.