തിരുവനന്തപുരം: കെഎസ്ആര്‍ടിസി ബസില്‍ ബോര്‍ഡ് മറ്റു ഭാഷകളിലും പ്രദര്‍ശിപ്പിക്കും. മലയാളത്തിനു പുറമെ ഇംഗ്ലീഷ്, തമിഴ്, ഹിന്ദി, കന്നട, ബംഗാളി ഭാഷകളിലും സ്ഥലപേര് നല്‍കും. തമിഴ്നാട്, കര്‍ണാടക അതിര്‍ത്തി പങ്കിടുന്ന സര്‍വീസുകളിലും ഇതര സംസ്ഥാനക്കാര്‍ കൂടുതലായി താമസിക്കുന്ന സ്ഥലങ്ങളിലുമുള്ള സര്‍വീസുകളിലുമാകും ഇവ നിര്‍ബന്ധമാക്കുക. ഓര്‍ഡിനറി ബസുകളില്‍ വരെ പുതിയ നിര്‍ദേശം നടപ്പാകും.
വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കുള്ള സര്‍വീസുകളില്‍ ഇംഗ്ലീഷിലുള്ള ബോര്‍ഡ് നിര്‍ബന്ധമാക്കി. ബസിന്റെ മുന്നിലും പിന്നിലും ഇടതു സൈഡിലും ഡോറിനു സമീപവും വായിക്കാന്‍ കഴിയുംവിധം വലുപ്പത്തില്‍ ബോര്‍ഡുകള്‍ സ്ഥാപിക്കും. ബസിന്റെ അകവും പുറവും ശുചിയായി സൂക്ഷിക്കും. ഇതിനായി ബസ് വാഷിങ് ഗുണമേന്മ പരിശോധനാ ഷീറ്റ് ഏര്‍പ്പെടുത്തി. മുന്‍ഭാഗവും പിറകുവശവും സൈഡ് ഗ്ലാസുകളും സീറ്റും ബസിനുള്ളിലെ പ്ലാറ്റ്ഫോമും ശുചീകരിച്ചിട്ടുണ്ടെന്ന് കണ്ടക്ടറും ഡ്രൈവറും പരിശോധിച്ച് ഒപ്പിട്ട് നല്‍കണം. എന്നാല്‍ മാത്രമേ ശുചീകരണക്കൂലി ബന്ധപ്പെട്ടവര്‍ക്ക് ഡിപ്പോ അധികാരി അനുവദിക്കൂ.