തിരുവനന്തപുരം: കെ.എസ്.ആർ.ടി.സിയെ മൂന്നു സ്വതന്ത്ര മേഖലകളായി ഉടൻ വിഭജിക്കും. സർക്കാർ നാല് കെ.എ.എസുകാരെ സർക്കാർ അനുവദിച്ചതോടെയാണ് വിഭജന നടപടികളിലേക്ക് മാനേജ്മെന്റ് കടക്കുന്നത്.കർണ്ണാടകത്തിലേതു പോലെ ഓരോ മേഖലയും വെവ്വേറെ കോർപ്പറേഷനുകളാകും. കെ.എ.എസുകാരായിരിക്കും മേധാവിമാർ.
ദീർഘ ദൂര ബസുകൾക്കു വേണ്ടി രൂപീകരിച്ച ‘സ്വിഫ്ട്’ കൂടിയാകുമ്പോൾ കെ.എസ്.ആർ.ടി.സി ഫലത്തിൽ നാലാകും.സൗത്ത്, സെൻട്രൽ, നോർത്ത് മേഖലകളായാണ് വിഭജനം. ഇത്തരത്തിൽ വിഭജിക്കാൻ സുശീൽ ഖന്ന റിപ്പോർട്ടിൽ ശുപാർശ ചെയ്തിരുന്നു. നടപ്പാക്കാൻ ഗതാഗത വകുപ്പ് കെ.എസ്.ആർ.ടി.സിക്ക് നിർദേശവും നൽകിയിരുന്നു. ഇതിനായി പദ്ധതി കഴിഞ്ഞ ഫെബ്രുവരിയിൽ തയ്യാറാക്കുകയും മാർച്ചിൽ പദ്ധതി കെ.എസ്.ആർ.ടി.സി നൽകുകയും ചെയ്തിരുന്നു. നാല് കെ.എ.എസുകാരെ വേണമെന്ന് റിപ്പോർട്ടിൽ സി.എം.ഡി ബിജു പ്രഭാകർ ആവശ്യപ്പെട്ടിരുന്നു. എന്നാൽ കെ.എ.എസുകാരെ അനുവദിക്കുന്ന നടപടി നീണ്ടു പോവുകയായിരുന്നു.
മൂന്ന് മാസത്തെ പരിശീലനത്തിനു ശേഷമാകും മേഖലാ മേധാവികളായി കെ.എ.എസുകാരെ നിയോഗിക്കുക. രണ്ടാഴ്ച യൂണിറ്റുകളിലെ എ.ടി.ഒമാരായും ഒരാഴ്ച ഡിപ്പോ എൻജിനീയർമാരായും ഇവർക്ക് പരിശീലനം നൽകും. തമിഴ്നാട്, കർണ്ണാട ട്രാൻസ്പോർട്ട് കോർപ്പറേഷനുകളിലയച്ച് അവിടത്തെ പ്രവർത്തനം മനസിലാക്കുന്നതിനും അവസരമൊരുക്കും.
മാറ്റം ഇങ്ങനെ:
ഓരോ മേഖലയും സ്വതന്ത്രം, പുതിയ പേര്
മേഖലാടിസ്ഥാനത്തിൽ നിയമനവും സ്ഥലംമാറ്റവും
മേഖലയിലെ വരുമാനത്തിൽ ശമ്പളം, ഇന്ധന, സ്പെയർ പാർട്സ് ചെലവുകൾ
വായ്പാ തിരിച്ചടവ് പോലുള്ള ചെലവുകൾക്ക് നിശ്ചിത തുക സർക്കാർ നൽകണം.
പുതിയ റൂട്ടുകളിൽ ബസുകൾ ഓടിക്കാം
പെർമിറ്റ് തീരുന്ന മുറയ്ക്ക് സ്വകാര്യ ബസുകളുടെ റൂട്ടുകൾ ഏറ്റെടുക്കാം.
ആവശ്യമെങ്കിൽ സ്വകാര്യ ബസുകൾ വാടകയ്ക്കെടുക്കാം.
3 മേഖലകൾ:
1.സൗത്ത്:
ജില്ലകൾ: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട
ഡിപ്പോകൾ: 36
ബസ്: 2190
2.സെൻട്രൽ
ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ
ഡിപ്പോകൾ: 35
ബസ് ;1650
3.നോർത്ത്
മലപ്പുറം, പാലക്കാട്, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട്
ഡിപ്പോകൾ: 21
ബസ് : 1400