കൊച്ചി: കെഎസ്ആര്‍ടിസിയില്‍ ജീവനക്കാര്‍ക്ക് രണ്ടു ഗഡുക്കളായി ശമ്പളം നല്‍കാമെന്ന് ഹൈക്കോടതി. എല്ലാ മാസവും പത്താം തീയതിക്ക് മുമ്പ് ശമ്പളം നല്‍കണമെന്ന സിംഗിള്‍ ബെഞ്ച് ഉത്തരവ് ഹൈക്കോടതി ഡിവിഷന് ബെഞ്ച് സ്റ്റേ ചെയ്തു.
ആദ്യ ഗഡു പത്താം തീയതിക്കു മുമ്പും രണ്ടാം ഗഡു ഇരുപതാം തീയതിക്ക് മുമ്പും നല്‍കണമെന്ന് ഡിവിഷന് ബെഞ്ച് ഇടക്കാല ഉത്തരവില്‍ നിര്‍ദേശിച്ചു. കെഎസ്ആര്‍ടിസിയുടെ സാമ്പത്തിക സ്ഥിതി കൂടി പരിഗണിച്ചാണ് കോടതി ഉത്തരവ്.
സര്‍ക്കാരിന്റെ സാമ്പത്തിക സഹായം കൂടി കൊണ്ടാണ് ശമ്പളം നല്‍കുന്നതെന്ന് കെഎസ്ആര്‍ടിസി കോടതിയെ അറിയിച്ചു. സാമ്പത്തിക സ്ഥിതി വളരെ മോശമായ സാഹചര്യവുമാണ്.
സര്‍ക്കാര്‍ ധനസഹായം 15 ന് ശേഷമാകും പലപ്പോഴും ലഭ്യമാകുക. അതിനാല്‍ പത്താം തീയതിക്ക് മുമ്പ് ഒറ്റ ഗഡുവായി ശമ്പളം നല്‍കുക ബുദ്ധിമുട്ടാണ്. രണ്ടു ഗഡുക്കളായി ശമ്പളം നല്കാന് അനുവദിക്കണമെന്നും കെഎസ്ആര്‍ടിസി ആവശ്യമുന്നയിച്ചിരുന്നു.