കൊല്ലം : കെഎസ്ആര്‍ടിസി സമ്പൂര്‍ണ ഡിജിറ്റലാവുന്നു. കെഎസ്ആര്‍ടിസിയുടെ എല്ലാ ബസുകളിലും ഡിജിറ്റല്‍ പേയ്മെന്റ് വരുന്നു. നിലവില്‍ ചില സ്വിഫ്റ്റ് ബസുകളിലും ദീര്‍ഘദൂര സൂപ്പര്‍ഫാസ്റ്റുകളിലും ഡിജിറ്റല്‍ പേയ്മെന്റ് സംവിധാനമുണ്ടെങ്കിലും പതിനായിരക്കണക്കിന് യാത്രക്കാര്‍ക്ക് ഉപകാരപ്പെടും വിധത്തില്‍ സംസ്ഥാനത്തുടനീളം ഓര്‍ഡിനറികള്‍ ഉള്‍പ്പടെ സമ്പൂര്‍ണ ഡിജിറ്റല്‍ പേയ്മെന്റ് സൗകര്യം ഏര്‍പ്പെടുത്താനാണ് കെഎസ്ആര്‍ടിസി ഒരുങ്ങുന്നത്.
രണ്ടുമാസത്തിനുള്ളില്‍ ഡിജിറ്റല്‍ പണമിടപാടിലേക്ക് മാറും. എല്ലാ ബസുകളിലും യുപിഐ പേയ്മെന്റ് സംവിധാനമുള്ള ടിക്കറ്റ് മെഷീന് ഒരുക്കും. ക്യൂആര്‍ കോഡ് സ്കാന്‍ ചെയ്ത് പണമടച്ചാല്‍ മെഷീനില്‍ ടിക്കറ്റ് ലഭിക്കുംവിധമാണ് സംവിധാനം. പലപ്പോഴും ചില്ലറയും കൃത്യം കറന്‍സി നോട്ടുമില്ലാതെ വിഷമിച്ചിരുന്ന യാത്രക്കാര്‍ക്ക് വലിയ ആശ്വാസവുമാകും. ജിപേ, പേടിഎം, ഫോണ്‍പേ തുടങ്ങിയ ആപ്പുകള്‍ വഴിയും പണം നല്കി ടിക്കറ്റ് എടുക്കാന്‍ കഴിയും. സമയനഷ്ടവുമുണ്ടാകില്ല.
തിരുവനന്തപുരം, കൊല്ലം, കോട്ടയം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലെ 40 ഡിപ്പോകളില്‍ ലൈവ് ടിക്കറ്റിങ് സാധ്യമാകുന്ന പുതിയ ടിക്കറ്റ് മെഷീന് വിതരണം ചെയ്തു. രണ്ടുമാസത്തിനുള്ളില്‍ സംസ്ഥാനത്തെ മുഴുവന്‍ ഡിപ്പോകളിലേക്കും പുതിയ ടിക്കറ്റ് മെഷീനുകള്‍ എത്തും. ചലോ എന്ന കമ്പനിയുടെ ടിക്കറ്റ് മെഷീനും അനുബന്ധ ഓണ്‍ലൈന്‍ സൗകര്യവുമാണ് ഇതിനായി കോര്പറേഷന് വാടകയ്ക്ക് എടുത്തത്.