തിരുവനന്തപുരം : കെഎസ്ആർടിസി ജീവനക്കാരുടെ ജൂൺ മാസത്തെ ശമ്പളത്തിന്റെ ആദ്യ ഗഡു വിതരണം ചെയ്തു. വെള്ളിയാഴ്ച രാത്രി ജീവനക്കാരുടെ അക്കൗണ്ടുകളിൽ ആദ്യ ഗഡു തുകയെത്തി. ആദ്യ ഗഡുവായി വിതരണം ചെയ്തത് 39.5 കോടി രൂപയാണ്. ഈ മാസം 20ന് മുമ്പ് ജീവനക്കാരുടെ ശമ്പളം പൂർണമായും വിതരണം ചെയ്യണമെന്ന് ഹൈക്കോടതി കർശന നിർദ്ദേശം നല്‍കിയിരുന്നു. അല്ലാത്തപക്ഷം സിഎംഡി കോടതിയിൽ ഹാജരായി വിശദീകരണം നല്‍കണമെന്നുമായിരുന്നു കോടതിയുടെ ഇടക്കാല ഉത്തരവ്. പ്രതിമാസം 220 കോടിയിലേറെ രൂപ വരുമാനമുണ്ടായിട്ടും എല്ലാ മാസവും വൈകിയാണ് ശമ്പള വിതരണം. കെഎസ്ആർടിസിയുടെ ഏറ്റവും പ്രധാന ചെലവ് ശമ്പളവും ഇന്ധനവുമാണ്. ഇതിൽ ശമ്പളത്തിന് 85 കോടിയോളവും ഡീസലിന് 95 കോടിയോളവുമാണ് വേണ്ടി വരുന്നത്. ജീവനക്കാർക്ക് യഥാസമയം ശമ്പളം വിതരണം ചെയ്യാതെ തുക വകമാറ്റി ചെലവഴിക്കുകയാണ്. ബാങ്ക് കൺസോർഷ്യത്തിനുള്ള കടവും പലിശയുമായി 39 കോടി മാസം തോറും അടയ്ക്കുന്നുണ്ട്. വെള്ളിയാഴ്ച സംസ്ഥാന സർക്കാർ 30 കോടി രൂപ അനുവദിച്ചിരുന്നു. 9.5 കോടി ഓവർ ഡ്രാഫ്റ്റ് കൂടി എടുത്താണ് ആദ്യ ഗഡുവായി ശമ്പളത്തിന്റെ പകുതി തുക വിതരണം ചെയ്തത്. എല്ലാ മാസവും സർക്കാർ സഹായം കിട്ടുന്നതുവരെ ശമ്പളം നല്കാതിരിക്കുകയാണ് ചെയ്യുന്നത്. 20ന് മുമ്പ് ശമ്പളത്തിന്റെ ബാക്കി തുക കൂടി വിതരണം ചെയ്തില്ലെങ്കിൽ സിഎംഡി കോടതിയിൽ ഹാജരായി വിശദീകരണം നല്‍കേണ്ടിവരും. അത് ഒഴിവാക്കാനുളള വഴികളാണ് ഇപ്പോൾ കോർപ്പറേഷൻ ആലോചിക്കുന്നത്.