തിരുവനന്തപുരം : കെഎസ്ആർടിസി ജീവനക്കാർക്ക് ജൂലൈ മാസത്തെ മുഴുവൻ ശന്പളവും ലഭിച്ചു. ഇന്ന് പുലർച്ചെയോടെയാണ് ജീവനക്കാരുടെ അക്കൗണ്ടുകളിൽ ശന്പളം എത്തിയത്. ജൂലൈ മാസത്തെ ശന്പളം ഓഗസ്റ്റ് അഞ്ചിനു മുൻപായി നൽകുന്നതിനായിരുന്നു കെഎസ്ആർടിസി മാനേജ്മെന്റ് തീരുമാനിച്ചിരുന്നതെങ്കിലും ധനവകുപ്പിൽ നിന്നും തുക ലഭിക്കാത്തതിനെ തുടർന്ന് ശന്പളം വൈകുകയായിരുന്നു.
കെഎസ്ആർടിസിയിൽ ഉത്സവബത്തയ്ക്കൊപ്പം ജീവനക്കാർക്ക് 7500 രൂപ വിതം ഓണം അഡ്വാൻസും അനുവദിച്ചിട്ടുണ്ട്. ഓണം അഡ്വാൻസായി നൽകുന്ന ഈ തുക അഞ്ച് ഗഡുക്കളായി തിരിച്ചടയ്ക്കണം. മുൻകാലങ്ങളിൽ ഓണം അഡ്വാൻസ് വാങ്ങി തിരിച്ചടയ്ക്കാത്തവർക്ക് ഇത്തവണ ഇതു ലഭിക്കില്ല.
സർക്കാർ ജീവനക്കാർക്ക് അനുവദിച്ച 2,750 രൂപ വീതമുള്ള ഉത്സവബത്ത കെഎസ്ആർടിസിയിലും നൽകുന്നതിനു തീരുമാനിച്ചിരുന്നു. ശന്പളം ലഭിച്ചതിനെത്തുടർന്ന് ഈ മാസം 26 മുതൽ നടത്താനിരുന്ന സമരം തൊഴിലാളി യൂണിയനുകൾ പിൻവലിച്ചിട്ടുണ്ട്.