തിരുവനന്തപുരം : കെ.എസ്.ആർ.ടി.സിയിലെ കുഴപ്പങ്ങളുടെ ഉത്തരവാദി താനല്ലെന്ന് സിഎംഡി ബിജു പ്രഭാകർ. കെ.എസ്.ആർ.ടി.സിയിൽ എത്തിയത് വലിയ പ്രതീക്ഷയോടെയാണ്. ജീവനക്കാർക്ക് പ്രഥമ പരിഗണന നൽകി. കൊവിഡ് കാലത്ത് പോലും ശമ്പളം ഉറപ്പാക്കി. ജീവനക്കാരുടെ കടം വീട്ടാൻ ശ്രമിച്ചു. ആനുകൂല്യങ്ങൾ തിരിച്ചു കൊണ്ട് വന്നു. പബ്ലിസിറ്റി ആഗ്രഹിച്ചിട്ടില്ല എന്നും അദ്ദേഹം പറഞ്ഞു.
അംഗീകൃത യൂണിയനുകളുമായി നല്ല ബന്ധമാണുള്ളത്. സമരങ്ങളെ എതിർത്തിട്ടില്ല. പ്രകോപനപരമായ രീതിയിൽ പെരുമാറിയിട്ടില്ല. കെ.എസ്.ആർ.ടി.സിയിലെ കുഴപ്പങ്ങളുടെ ഉത്തരവാദി താൻ അല്ല. ഒരു വിഭാഗം ജീവനക്കാർ കൃത്യമായ അജണ്ടയോടെ പെരുമാറിയെന്നും അദ്ദേഹം ആരോപിച്ചു. കെ.എസ്.ആർ.ടി.സിയുടെ ഫേസ്ബുക്ക് പേജിൽ പുറത്തിറക്കിയ വിഡിയോയിലാണ് അദ്ദേഹത്തിൻ്റെ വിശദീകരണം.
ഇപ്പോൾ നന്നായില്ലെങ്കിൽ കെഎസ്ആർടിസി ഒരിക്കലും നന്നാകില്ല . കെഎസ്ആർടിസിയുടെ എല്ലാ നഷ്ടത്തിനും സർക്കാർ പണം നൽകണമെന്ന് പറയാനാകില്ലെന്ന് അദ്ദേഹം സമൂഹമാധ്യമത്തിലെ വിഡിയോയിൽ പറഞ്ഞു. സിഎംഡി നല്ല രീതിയിൽ സ്ഥാപനത്തെ കൊണ്ടുപോയാല്‍ ചിലരുടെ അജണ്ട നടക്കില്ല എന്നതിനാൽ സ്ഥാപനത്തെയും എംഡിയെയും തകർക്കാനാണ് ശ്രമം.
ചിലർ എന്തും പറയാം എന്ന തലത്തിലേക്ക് എത്തി. യൂണിയനുകളല്ല ചില ജീവനക്കാരാണ് പ്രശ്നങ്ങളുണ്ടാക്കുന്നത്. തന്റെ അച്ഛനെ മോശമായി ചിത്രീകരിച്ച് ബസുകളിൽ ബോർഡ് പതിപ്പിച്ചു. അവർക്കെതിരെ നടപടി സ്വീകരിച്ചില്ല. സമരം നടത്തിയ യൂണിയനുകൾക്കെതിരെയും നടപടി സ്വീകരിച്ചിട്ടില്ല. കെഎസ്ആർടിസി എന്തുവന്നാലും നന്നാക്കണം എന്നാണ് സർക്കാർ നിലപാട്. വരുമാനത്തിൽനിന്ന് ശമ്പളം കൊടുത്തശേഷം ബാക്കി ചെലവുകൾ നോക്കിയാൽപോരെ എന്നാണ് ചിലരുടെ വാദം. ഡീസലടിച്ചാലേ വണ്ടി ഓടൂ. വണ്ടി ഓടിയാലേ ശമ്പളം കൊടുക്കാന്‍ പൈസ കിട്ടൂ. ഡിഡി നേരത്തെ കൊടുത്താലേ ഡീസൽ കിട്ടൂ.
200 കോടി വരുമാനം ലഭിച്ചാൽ 160 കോടിയും മുൻകൂർ ചെലവാകുന്ന അവസ്ഥയാണുള്ളത്. ശമ്പളം നൽകാൻ കെഎസ്ആർടിസിയുടെ കൈവശമുണ്ടാകുന്നത് ശരാശരി 40 കോടി രൂപ മാത്രം. ശമ്പളം പൂർണമായും നൽകാൻ സർക്കാർ കുറഞ്ഞത് 38 കോടിയെങ്കിലും നൽകണം. പണം കൈയിൽവച്ച് ശമ്പളം നൽകാതിരിക്കുന്നില്ല. ശമ്പളം നൽകാൻ കഷ്ടപ്പെടുകയാണെന്ന് വിമർശകർ മനസിലാക്കണമെന്നും ബിജു പ്രഭാകർ പറഞ്ഞു. ഒരു വിഭാഗം തനിക്കെതിരെ അജണ്ടയുമായി മുന്നോട്ടുപോകുകയാണ്. തന്നെ അഴിമതിക്കാരനാക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം എഫ്ബി ലൈവിൽ പറഞ്ഞു.
ശമ്പളപ്രതിസന്ധി രൂക്ഷമായതിന് പിന്നാലെ ചുമതലയില്‍ നിന്ന് ഒഴിവാക്കണമെന്ന് ബിജു പ്രഭാകര്‍ ഗതാഗത മന്ത്രിയോടും ചീഫ് സെക്രട്ടറിയോടും ആവശ്യ പ്പെട്ടിരുന്നു. വരവ് ചെലവ് കണക്കുകൾ ഫേസ്ബുക്ക് ലൈവിലൂടെ പുറത്തുവിടുമെന്ന് ബിജു പ്രഭാകർ നേരത്തെ പറഞ്ഞിരുന്നു. കെഎസ്ആർടിസിയുടെ ഇപ്പോ ഴത്തെ അവസ്ഥ അഞ്ച് എപ്പിസോഡുകളിലായി വിശദീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.