തിരുവനന്തപുരം: കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽ ബസിനുള്ളിൽ യുവാവിനെ മർദിച്ച കണ്ടക്ടർ സുരേഷ്കുമാറിനെ അന്വേഷണ വിധേയമായി സസ്പെൻഡു ചെയ്തു. സദാചാര പൊലീസിങ് നടത്തി യുവാവിനെ ബസിനുള്ളിൽ നിലത്തിട്ടു മർദിക്കുന്ന ദൃശ്യങ്ങൾ പുറത്തായതോടെയാണ് ഇത്. കെഎസ്ആർടിസി വെള്ളറട ഡിപ്പോയിലെ കണ്ടക്ടറും ബിഎംഎസ് യൂണിറ്റ് സെക്രട്ടറിയുമാണ് സുരേഷ് കുമാർ. യുവാവ് കാട്ടാക്കട ആശുപത്രിയിൽ ചികിത്സയിലാണ്.
കാട്ടാക്കട ഡിപ്പോയിൽ ഇന്നലെ രാവിലെ 11 മണിയോടെയായിരുന്നു സംഭവം. വെങ്ങാനൂർ ബാലരാമപുരം സിസിലിപുരം സ്വദേശിയും പെൻപോൾ ജീവനക്കാരനുമായ ഋത്വിക് കൃഷ്ണ(23) നെയാണു സുരേഷ്കുമാർ മർദിച്ചത്. ഋതിക്കും ബന്ധുവായ പെൺകുട്ടിയുമൊന്നിച്ച് തമ്പാനൂരിൽനിന്ന് ഒരേ സീറ്റിൽ യാത്ര ചെയ്ത് വരികയായിരുന്നു. ഇത് ഇഷ്ടപ്പെടാതെ കണ്ടക്ടർ സുരേഷ് പലതവണ ഇവരെ രൂക്ഷമായി നോക്കുകയും മാറിയിരിക്കാൻ ആവശ്യപ്പെടുകയുംചെയ്തു. പരിചയം ഉള്ള ആളാകാമെന്നു കരുതി ഋത്വിക്ക് പ്രത്യഭിവാദ്യം ചെയ്തെങ്കിലും കണ്ടക്ടർ കണ്ടഭാവം നടച്ചി ല്ല.കാട്ടാക്കട സ്റ്റാൻഡിൽ ഇരുവരും ഇറങ്ങാൻ തുടങ്ങവെ സുരേഷ് ഋതിക്കിനെ തെറി വിളിച്ചു. ഇത് ചോദ്യംചെയ്തതോടെ ഋതിക്കിനെ ഷർട്ടിൽ പിടിച്ച് വലിച്ച് നെഞ്ചിൽ കൈചുരുട്ടി ഇടിച്ചു. തലയിൽ ടിക്കറ്റ് റാക്ക് കൊണ്ട് അടിക്കുകയും അടിവയറ്റിൽ ചവിട്ടിവീഴ്ത്തുകയും ചെയ്തു. കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തി.
സ്ഥലത്തെത്തിയ പൊലീസിനോട് യുവാവ് തന്നെ മർദിച്ച് ബാഗ് പിടിച്ചുപറിക്കാൻ ശ്രമിച്ചതായി കണ്ടക്ടർ പറഞ്ഞു. ജോലി തടസ്സപ്പെടുത്താന്‍ ശ്രമിച്ചതുള്‍പ്പെടെ ആരോപണങ്ങളുമായി കണ്ടക്ടര്‍ കാട്ടാക്കട പൊലീസിൽ പരാതിനല്‍കി.ഇതിനിടെ ബസിൽ കയറാനെത്തിയ യാത്രികരിലൊരാൾ പകർത്തിയ ദൃശ്യങ്ങളാണ് സാമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചത്. തുടർന്ന് കാട്ടാക്കട പോലീസ് സ്ഥലത്തെത്തി കണ്ടക്ടറെ സ്റ്റേഷനിൽ എത്തിച്ചു. എന്നാൽ ടിക്കറ്റ് റാക്ക് പിടിച്ചുവാങ്ങി ജോലി തടസപ്പെടുത്തിയെന്ന് കണ്ടക്ടർ യുവാവിനെതിരെ ആരോപണം ഉന്നയിച്ചു.വീഡിയോ ദൃശ്യങ്ങൾ കണ്ടതോടെ യുവാവിന്റെ ഭാഗംകൂടെ അന്വേഷണത്തിൽ തെളിഞ്ഞശേഷം കൂടുതൽ നടപടി എടുക്കുകാമെന്ന് പൊലീസ് നിലപാട് സ്വീകരിച്ചു.
തുടർന്ന് ആശുപത്രിയിലെത്തിയ പൊലീസ് യുവാവിന്റെ മൊഴി എടുത്തപ്പോഴാണ് സദാചാര പൊലീസ് ചമഞ്ഞ് കണ്ടക്ടർ മർദനം നടത്തിയതെന്ന് മനസിലായത്. ഇതോടെ കണ്ടക്ടർ സുരേഷ് കുമാറിനെതിരെ കേസെടുത്ത്, ഇയാളെ അറസ്റ്റ് ചെയ്തു. സുരേഷിനെതിരെ മുമ്പും യാത്രക്കാർ പരാതിപ്പെട്ടിട്ടുണ്ട്. ഏതാനും മാസം മുൻപ് പൊട്ടൻകാവ് ജങ്ഷനിൽവച്ച് രാത്രി സ്റ്റോപ്പിൽ നിർത്താൻ ആവശ്യപ്പെട്ടതിന് വൃദ്ധനെ ഇയാൾ കയ്യേറ്റം ചെയ്തിരുന്നു. ഈ സംഭവത്തിൽ സസ്പെൻഷനിലായ സുരേഷ് വാദിയുമായി ഒത്തുതീർപ്പിലെത്തിയതോടെയാണ് ജോലിയിൽ പ്രവേശിച്ചത്.