കൊച്ചി: മാസപ്പടി കേസിൽ സീരിയസ് ഫ്രോഡ് ഇൻവസ്റ്റിഗേഷൻ ഓഫീസിന്റെ അന്വേഷണം ചോദ്യം ചെയ്തു കെഎസ്ഐഡിസി നൽകിയ ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. ഹർജിയിൽ കക്ഷി ചേരാൻ പരാതിക്കാരനും ബിജെപി നേതാവുമായ ഷോൺ ജോർജ് നൽകിയ അപേക്ഷയും കോടതി ഇന്നു പരിഗണിക്കും.
അന്വേഷണത്തിനുള്ള ഉത്തരവിന്റെ പകർപ്പടക്കം നൽകാതെയാണ് എസ്എഫ്ഐഒ പരിശോധന നടത്തുന്നതെന്നായിരുന്ന ഹർജിക്കാരുടെ ആക്ഷേപം. എസ്എഫ്ഐഒ അന്വേഷണം സ്റ്റേ ചെയ്യണമെന്ന ആവശ്യം ഹൈക്കോടതി നേരത്തെ തള്ളിയിരുന്നു.എന്തുകൊണ്ടാണ് എസ്എഫ്ഐഒ അന്വേഷണത്തെ എതിർക്കുന്നതെന്നും അതിന്റെ ഉദ്ദേശ ശുദ്ധി വ്യക്തമാക്കണമെന്നും കോടതി കെഎസ്ഐഡിസിയോടു ആവശ്യപ്പെട്ടിരുന്നു. എന്തെങ്കിലും ഒളിക്കാനുണ്ടോയെന്നും കോടതി കെഎസ്ഐഡിസിയോടു ചോദിച്ചിരുന്നു. എന്നാൽ ഒന്നും ഒളിക്കാനില്ലെന്നായിരുന്നു കെഎസ്ഐഡിസി നൽകിയ മറുപടി. ഹർജിയിൽ കേന്ദ്ര സർക്കാരും ഇന്ന് രേഖാമൂലം നിലപാട് വ്യക്തമാക്കും.