തിരുവനന്തപുരം: പേട്ട പൊലീസ് സ്റ്റേഷന് സമീപം കണ്ണമ്മൂല-പള്ളിമുക്ക് റോഡിൽ ഉഗ്രശബ്ദത്തോടെയുള്ള പൊട്ടിത്തെറിക്ക് പിന്നാലെ ട്രാൻസ്ഫോമറിൽ തീപിടിച്ചു. ഇന്നലെ രാത്രി 11ഓടെയാണ് സംഭവം. ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.
ട്രാൻസ്ഫോമറിൽ നിന്നുള്ള തീ സമീപത്തുകിടന്ന രണ്ട് കാറുകളിലേയ്ക്ക് പടർന്നു. റോഡരികിൽ പാർക്ക് ചെയ്തിരുന്ന കാറും സ്റ്റേഷനിൽ പിടിച്ചിട്ടിരുന്ന കാറും ഭാഗികമായി കത്തിനശിച്ചു. സംഭവത്തെക്കുറിച്ച് പരിസരവാസികൾ പറയുന്നത്: ‘ ഇന്നലെ രാവിലെ മുതൽ ഇടവിട്ട് വൈദ്യുതി തടസവും ട്രാൻസ്ഫോമറിൽ തീപ്പൊരിയുമുണ്ടായിരുന്നു. വൈദ്യുതി തടസത്തെ തുടർന്ന് റേഷൻകട ഉൾപ്പെടെയുള്ള സ്ഥാപനങ്ങളുടെ പ്രവർത്തനത്തെ ബാധിച്ചു. നാട്ടുകാരുടെ പരാതിയുടെ അടിസ്ഥാനത്തിൽ രാവിലെ 10ഓടെ അസിസ്റ്റന്റ് എൻജിനിയറുടെ നേതൃത്വത്തിൽ പരിശോധന നടത്തി.
എന്നാൽ രാത്രി 10ഓടെ ട്രാൻസ്ഫോമറിൽ നിന്ന് പുക ഉയരാൻ തുടങ്ങി. കെ.എസ്.ഇ.ബിയിൽ വിളിച്ചു പറഞ്ഞെങ്കിലും കുഴപ്പമില്ലെന്നായിരുന്നു അധികൃതരുടെ മറുപടി. എന്നാൽ പെട്ടെന്ന് തന്നെ ഉഗ്രശബ്ദത്തോടെ പൊട്ടിത്തെറിച്ച ട്രാൻസ്ഫോമർ കത്താൻ തുടങ്ങി. സംഭവമറിഞ്ഞ് അസിസ്റ്റന്റ് എൻജിനിയർ സ്ഥലത്തെത്തിയെങ്കിലും നാട്ടുകാരുടെ പ്രതിഷേധത്തെ തുടർന്ന് തിരിച്ചുപോയി. കെ.എസ്.ഇ.ബി അധികൃതരുടെ ഭാഗത്ത് നിന്നുണ്ടായ അനാസ്ഥയാണ് തീപിടിത്തത്തിന് കാരണമെന്ന് പ്രദേശവാസികൾ ആരോപിച്ചു. തീപിടിത്തത്തിന് പിന്നാലെ പ്രദേശത്തെ വൈദ്യുതി വിതരണം തടസപ്പെട്ടു.