തിരുവനന്തപുരം: കേരളത്തിലെ ജനങ്ങളെ വീണ്ടും ഷോക്കടിപ്പിക്കാൻ കെഎസ്ഇബി. വന്പൻ ശന്പളച്ചെലവിനു പുറമെ ഭീമമായ പെൻഷൻ ബാധ്യത കൂടി പൊതുജനങ്ങൾക്കു മേൽ അടിച്ചേൽപ്പിക്കാനുള്ള നീക്കവുമായാണ് അവർ മുന്പോട്ടു പോകുന്നത്. ഏപ്രിലിൽ താരിഫ് രണ്ടാം നിയമഭേദഗതി നടപ്പിലാക്കിയേക്കുമെന്നാണ് വിവരം. ഇതിന്റെ ഭാഗമായി വൈദ്യുതി റഗുലേറ്ററി കമ്മീഷൻ ജനുവരി നാലിന് പൊതുജനങ്ങളിൽ നിന്ന് തെളിവെടുക്കും.
ഏപ്രിലിൽ ഈ ബാധ്യത കൂടി ചേർത്ത് വീണ്ടുമൊരു നിരക്ക് വർധന ഏർപ്പെടുത്താനാണ് നീക്കം. കഴിഞ്ഞ നവംബറിലും വർധന വരുത്തിയിരുന്നു. പെൻഷൻ ചെലവിന് പുറമെ അടുത്ത വർഷം ശമ്പള വർധന നടപ്പാക്കുന്നതിലൂടെ ഉണ്ടാകുന്ന 480 കോടിയുടെ ബാധ്യതയും താരിഫിൽ ഉൾപ്പെടുത്തണമെന്ന് കെഎസ്ഇബി കമ്മീഷനോട് ആവശ്യപ്പെട്ടിട്ടുണ്ട്. 2013ൽ പെൻഷൻ ബാധ്യത നിറവേറ്റാൻ മാസ്റ്റർ ട്രസ്റ്റ് സംവിധാനമുണ്ടാക്കിയിരുന്നു. ഇതുപ്രകാരം 8144 കോടിയുടെ ബോണ്ട് കെഎസ്ഇബിയും 3751 കോടിയുടേത് സർക്കാരുമിറക്കി.കെഎസ്ഇബി 10% പലിശയും സർക്കാർ 9% പലിശയും ഇതിന് നൽകാനും തീരുമാനിച്ചിരുന്നു. കെഎസ്ഇബിയുടെ പലിശച്ചെലവ് അവരുടെ പൊതുചെലവിൽപ്പെടുത്തി അത് പൊതുജനങ്ങളിൽ നിന്ന് ഈടാക്കാനും ധാരണയായിരുന്നു.
എന്നാൽ കെഎസ്ഇബി നഷ്ടത്തിലായതോടെ കാര്യങ്ങൾ മാറി. 2021 മുതൽ പലിശ മാത്രമല്ല പെൻഷനുമായി ബന്ധപ്പെട്ട സർക്കാർ നൽകുന്ന വിഹിതത്തിനു പുറമെ വരുന്ന ചെലവും പൊതുജനങ്ങളിൽ നിന്ന് താരിഫായി ഈടാക്കാൻ തീരുമാനിച്ചു.ഇതിനെ ഹൈടെൻഷൻ ആൻഡ് എക്സ്ട്രാ ഹൈടെൻഷൻ ഇൻഡസ്ട്രിയൽ ഇലക്ട്രിസിറ്റി കൺസ്യൂമേഴ്സ് അസോസിയേഷൻ ഹൈക്കോടതിയിൽ ചോദ്യം ചെയ്തതോടെ കോടതി അത് തടഞ്ഞിരുന്നു. അതിനിടെ ബോണ്ടിന്റെ 10 വർഷത്തെ കാലാവധി തീർന്നതോടെ പെൻഷൻ ബാധ്യതയിൽ നിന്ന് ഒഴിഞ്ഞ് സർക്കാർ കൈകഴുകി. ഈ ബാധ്യത ജനങ്ങളുടെ മേൽ അടിച്ചേൽപ്പിക്കാനാണ് കെഎസ്ഇബി പുതിയ പദ്ധതി തയ്യാറാക്കിക്കൊണ്ടിരിക്കുന്നത്.