തിരുവനന്തപുരം: കഴിഞ്ഞ രണ്ടു മാസം പുറത്തുനിന്ന് ഉയർന്ന വിലയ്ക്ക് വൈദ്യുതി വാങ്ങിയതു കാരണം ഉണ്ടായ അധിക ചെലവ് ജനങ്ങളിൽ നിന്ന് ഈടാക്കാൻ കെ.എസ്.ഇ.ബി നീക്കം. യൂണിറ്റിന് 22 പൈസ സെസ് ചുമത്തും. ഇതിനുള്ള അനുമതി തേടി വൈദ്യുതി റെഗുലേറ്ററി കമ്മിഷനെ സമീപിച്ചേക്കും. നിലവിൽ ബോർഡ് തീരുമാനിച്ച പത്തു പൈസയും വൈദ്യുതി റെഗുലേറ്ററി കമ്മിഷൻ അനുവദിച്ച ഒൻപത് പൈസയും സെസായി ഈടാക്കുന്നുണ്ട്. ഇതിനു പുറമേയാണ് പുതിയ സെസിന് നീക്കം.
സാധാരണക്കാരുടെ വീടുകളിൽ ഒരു മാസം ശരാശരി 150 മുതൽ 200 യൂണിറ്റുവരെയാണ് ഉപയോഗിക്കുന്നത്. വൈദ്യുതി വാങ്ങാൻ ജൂലായ്,ആഗസ്റ്റ് മാസങ്ങളിൽ 341.31കോടിരൂപയാണ് അധികം ചെലവഴിച്ചത്. വൈദ്യുതിനിയമത്തിലെ പുതിയ ചട്ടപ്രകാരം അധികച്ചെലവ് അതത് മാസം നികത്തണം. കെ.എസ്.ഇ.ബിക്ക് സ്വയം ചുമത്താവുന്ന സെസ് യൂണിറ്റിന് 10 പൈസവരെയാണ്. അതിൽ കൂടിയാൽ റെഗുലേറ്ററി കമ്മിഷന്റെ അനുമതിവേണം.
പുതിയ സെസ് മാസങ്ങളോളം നീണ്ടുപോകാൻ സാദ്ധ്യതയുണ്ട്. താരിഫ് വർദ്ധനയും വരാനിടയുണ്ട്. ഈ വർഷം ജൂണിൽ നടപ്പാക്കേണ്ട താരിഫ് വർദ്ധന സെപ്തംബർ 11 വരെ ഹൈക്കോടതി സ്റ്റേ ചെയ്തിരിക്കുകയാണ്. വൈദ്യുതി പുറത്തുനിന്ന് വാങ്ങാൻ കെ.എസ്.ഇ.ബി വിളിച്ച ദീർഘകാല കരാർ ടെൻഡറുകളിൽ 6.88 രൂപ മുതൽ 10.20 രൂപവരെയാണ് കമ്പനികൾ ആവശ്യപ്പെടുന്നത്. ഇത് അംഗീകരിച്ചാൽ അടുത്ത മേയ് വരെ ചുരുങ്ങിയത് 3240 കോടി രൂപയുടെ അധിക ബാദ്ധ്യത ഉണ്ടാവുമെന്നാണ് വിലയിരുത്തൽ. റെഗുലേറ്ററി കമ്മിഷന്റെ അനുമതിയോടെയാണ് കരാറുകൾ ഉറപ്പിക്കുക. ഇതിന്റെ പേരിൽ അടുത്ത വർഷം വൻനിരക്ക് വർദ്ധനയും വന്നേക്കും.
വൈദ്യുതിക്ഷാമം ഒഴിവാക്കാൻ കെ.എസ്.ഇ.ബി ഇപ്പോൾ ദിവസേന 20 കോടിരൂപവരെ അധികം ചെലവിടുന്നുണ്ട്. 20ദശലക്ഷം യൂണിറ്റുവരെയാണ് ദിവസവും വാങ്ങുന്നത്. പവർ എക്സ്ചേഞ്ചിൽനിന്ന് വാങ്ങുന്ന വൈദ്യുതിക്ക് പലപ്പോഴും യൂണിറ്റിന് പരമാവധി വിലയായ 10 രൂപ നൽകേണ്ടിവരുന്നു. മഴക്കുറവും കുറഞ്ഞ വിലയ്ക്ക് വൈദ്യുതി ലഭിച്ചിരുന്ന ദീർഘകാല കരാറുകൾ റദ്ദാക്കിയതുമാണ് പ്രതിസന്ധി സൃഷ്ടിച്ചത്.