തിരുവനന്തപുരം: സംസ്ഥാനം കടുത്ത വൈദ്യുതി പ്രതിസന്ധി നേരിടുന്നതിനിടയിൽ രാമഗുണ്ടം കേന്ദ്ര നിലയത്തിൽ നിന്നുള്ള വൈദ്യുതി വിഹിതം ലഭിച്ചു തുടങ്ങിയതു കേരളത്തിനു താത്ക്കാലിക ആശ്വാസമായി. രാമഗുണ്ടം നിലയത്തിലെ ജനറേറ്റർ തകരാർ മൂലം വൈദ്യുതി വിഹിതം ലഭിക്കുന്നതു മുടങ്ങിക്കിടക്കുകയായിരുന്നു. ലഭിച്ച കേന്ദ്ര വൈദ്യുതി വൈകുന്നേരത്തെ ഉയർന്ന ഉപയോഗത്തിന് ഏറെ പ്രയോജനം ചെയ്യം.
എന്നാൽ, പവർ എക്സ്ചേഞ്ചിൽ നിന്നു ഉയർന്ന നിരക്കിലാണു കേരളം വൈദ്യുതി വാങ്ങുന്നത്. യൂണിറ്റിന് 16 രൂപ വരെ ഈടാക്കുന്നുണ്ട്. കേരളത്തിലെ വൈദ്യുതി പ്രതിസന്ധി ചർച്ച ചെയ്യാൻ തിങ്കളാഴ്ച മന്ത്രി കെ.കൃഷ്ണൻകുട്ടിയുടെ അധ്യക്ഷതയിൽ കെഎസ്ഇബി ഉന്നത തല യോഗം ചേരുന്നുണ്ട്. ലോഡ് ഷെഡിംഗ് ഒഴിവാക്കുന്നതിനുള്ള എല്ലാ സാധ്യതയും പഠിച്ചു ബദൽ മാർഗങ്ങൾ നിർദേശിക്കാനാണ് ഉദ്യോഗസ്ഥരോട് മന്ത്രി ആവശ്യപ്പെട്ടിട്ടുള്ളത്. യൂണിറ്റിന് 4.29 രൂപയ്ക്ക് 465 മെഗാവാട്ട് വൈദ്യുതി വാങ്ങുന്നതിനായി ഒപ്പു വച്ചിരുന്ന കരാറുകൾ നടപടിക്രമങ്ങളിലെ വീഴ്ച മൂലം റഗുലേറ്ററി കമ്മീഷൻ റദ്ദാക്കിയതാണു സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധി രൂക്ഷമാക്കിയത്.