തിരുവനന്തപുരം: നിരക്ക് വർദ്ധനയ്ക്ക് പിന്നാലെ സേവന നിരക്കും 10 ശതമാനം കൂട്ടി പൊതുജനത്തിനുമേൽ കെ.എസ്.ഇ.ബിയുടെ ഇരട്ട പ്രഹരം. പുതിയ നിരക്ക് ഇന്നലെ മുതൽ നിലവിൽ വന്നു. പുതിയ കണക്ഷൻ, മീറ്റർ മാറ്റിവയ്ക്കൽ, ഉടമസ്ഥാവകാശം മാറ്റൽ എന്നിവയ്ക്കെല്ലാം ബാധകമാണ്.
2018 ഏപ്രിലിലാണ് ഇതിനു മുമ്പ് സേവന നിരക്കുകൾ കൂട്ടിയത്. ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ളവർക്കും 100 വാട്ടിന് താഴെ ഉപയോഗിക്കുന്നവർക്കും കണക്ഷൻ സൗജന്യമായി നൽകുന്നത് തുടരും. പ്രതിവർഷം 30 ലക്ഷത്തിലേറെ പേരാണ് പുതിയ കണക്ഷനോ കണക്ഷൻ മാറ്റാനോ അപേക്ഷിക്കുന്നത്. ഇതിന്റെ ഇരട്ടിയിലേറെ പോസ്റ്റ് മാറ്റിവയ്ക്കാനുള്ള അപേക്ഷ വരുന്നുണ്ട്.
പ്രതിവർഷം ആയിരം കോടി നഷ്ടത്തിലാണ് കെ.എസ്.ഇ.ബി. താരിഫ് വർദ്ധനയിലൂടെ 720 കോടിയും അധിക സേവന നിരക്കിലൂടെ ബാക്കി നഷ്ടവും നികത്താമെന്നാണ് കണക്കുകൂട്ടൽ. 60 വരെ വർദ്ധന തേടിയാണ് കഴിഞ്ഞ വർഷം റഗുലേറ്ററി കമ്മിഷനെ സമീപിച്ചത്.
സംസ്ഥാനത്ത് ഒന്നേകാൽ കോടി ഗാർഹിക കണക്ഷനുണ്ട്. 2023 നവംബറിലാണ് വൈദ്യുതിക്ക് യൂണിറ്റിന് 20 പൈസ കൂട്ടിയത്. ഒപ്പം യൂണിറ്റിന് 19 പൈസ സർചാർജ്ജും ഈടാക്കുന്നുണ്ട്.
നിസാരമല്ല വർദ്ധന
പുതിയ കണക്ഷൻ നൽകുമ്പോൾ മീറ്റർ ചാർജ്ജ്, വയർ ചെലവ്, പോസ്റ്റുകളുടെ വില, സൂപ്പർവിഷൻ ചാർജ്ജ്, സർവ്വീസ് ചാർജ്ജ്, ജി.എസ്.ടി എന്നിവ നൽകണം. പത്തു ശതമാനം വർദ്ധനയാണെങ്കിലും മൊത്തം ചെലവ് 15 മുതൽ 20 ശതമാനം വരെ അധികാമാകുമെന്നുറപ്പ്.
നിരക്ക് വർദ്ധന വില കൂടിയതിനാൽ
വസ്തുക്കൾക്ക് വില വർദ്ധിച്ചതാണ് നിരക്ക് വർദ്ധനയ്ക്ക് കാരണമായി കെ.എസ്.ഇ.ബി പറയുന്നത്
ട്രാൻസ്ഫോർമറിന് 45 – 90 ശതമാനം, റിംഗ് മെയിൻ കൺവേർഷന് 110, പോസ്റ്റിന് 24 ശതമാനം വീതം വില കൂടി
ലേബർ ചാർജ് കൂടിയത് 44 ശതമാനമാണെന്നും കെ.എസ്.ഇ.ബി റഗുലേറ്ററി കമ്മിഷനെ ബോധിപ്പിച്ചു
നിരക്ക് നിലവിലേതും കൂടുന്നതും
എൽ.ടി 5 കിലോവാട്ട് സിംഗിൾഫേസ് കണക്ഷൻ: നിലവിൽ 2100 രൂപ, (ഇനി 2450രൂപ)
10 കിലോവാട്ട് സിംഗിൾ ഫേസ് കണക്ഷൻ: 4950 (5650)
25 കിലോവാട്ട് ത്രീഫേസ് കണക്ഷൻ: 16300 (17400)
50 കിലോവാട്ട് ത്രീഫേസ് കണക്ഷൻ: 24450 (26800)
സിംഗിൾഫേസ് പോസ്റ്റ് മാറ്റിയിടൽ: 7300 (7547)
സിംഗിൾഫേസ് പോസ്റ്റ് വിത്ത് സ്റ്റേ: 8900 (11706)
ത്രീഫേസ് പോസ്റ്റ് മാറ്റിയിടൽ: 8400 (9365)
ത്രീഫേസ് പോസ്റ്റ് വിത്ത് സ്റ്റേ: 9950 (12508)