കൊച്ചി: കോതമംഗലം വാരപ്പെട്ടിയില്‍ വൈദ്യുതി ലൈനില്‍ നിന്ന് ഷോക്കേല്‍ക്കുമെന്ന കാരണം പറഞ്ഞ് കുലച്ച വാഴകള്‍ കെഎസ്ഇബി ജീവനക്കാര്‍ വെട്ടിനശിപ്പിച്ച സംഭവത്തില്‍ കര്ഷകന് നഷ്ടപരിഹാരം കൈമാറി.മൂന്നരലക്ഷം രൂപയാണ് നല്‍കിയത്.
കോതമംഗലം എംഎല്‍എ ആന്റണി ജോണ്‍ ആണ് കര്‍ഷകനായ കാവുംപുറം തോമസിന് തുക കെെമാറിയത്. സര്‍ക്കാര്‍ കര്‍ഷകനൊപ്പമെന്ന് എംഎല്‍എ പറഞ്ഞു.ലൈന്‍ തകരാര്‍ പരിഹരിക്കുന്നതിന് വേണ്ടിയെന്ന കാരണം പറഞ്ഞാണ് വൈദ്യുതി വകുപ്പ് ജീവനക്കാര്‍ കുലച്ച വാഴകള്‍ വെട്ടിയത്. തോമസിന്റെ 406 വാഴകളാണ് കെഎസ്ഇബി വെട്ടിക്കളഞ്ഞത്. ഓണവിപണി മുന്നില്‍ കണ്ട് ഇറക്കിയ വിളവ് ഒരു മുന്നറിയിപ്പ് പോലും നല്‍കാതെയാണ് നശിപ്പിച്ചത്.
സംഭവം വിവാദമായതോടെ ന്യായീകരണവുമായി കെഎസ്ഇബി രംഗത്തെത്തിയിരുന്നു. ഇടുക്കി കോതമംഗലം 220 കെവി ലൈന്‍ തകരാറിലായപ്പോള്‍ പരിഹരിക്കുന്നതിന് വേണ്ടിയാണ് വാഴകൃഷി വെട്ടിയതെന്നായിരുന്നു കെഎസ്ഇബി വിശദീകരണം.