തിരുവനന്തപുരം: വൈദ്യുത നിയന്ത്രണത്തിനൊപ്പം പൊതുജനങ്ങള്‍ക്ക് ഇരുട്ടടിയായി സര്‍ചാര്‍ജ് കൂടി ഈടാക്കാന്‍ വൈദ്യുതി വകുപ്പ് തീരുമാനം . ഈ മാസത്തെ ബില്ലില്‍ വൈദ്യുതിക്ക് യൂണിറ്റിന് 19 പൈസ സര്‍ചാര്‍ജ് ഈടാക്കാനാണ് കെ.എസ്.ഇ.ബി തീരുമാനം.
നിലവില്‍ ഒമ്പത് പൈസയുള്ളിടത്ത് 10 പൈസ കൂടി സര്‍ചാര്‍ജ് ഏര്‍പ്പെടുത്താനാണ് ആലോചന. മാര്‍ച്ച് മാസത്തെ ഇന്ധന സര്‍ചാര്‍ജായാണ് 10 പൈസ കൂടി ഈടാക്കുന്നത്. അതേസമയം സംസ്ഥാനത്ത് ഏര്‍പ്പെടുത്തിയ വൈദ്യുതി നിയന്ത്രണം ഗുണകരമാണ് എന്നാണ് വൈദ്യുതി വകുപ്പ് മന്ത്രി കെ കൃഷ്ണന്‍കുട്ടി പറയുന്നത്. മേഖല തിരിച്ചുള്ള വൈദ്യുതി നിയന്ത്രണം ഗുണം ചെയ്തു എന്ന് മന്ത്രി പറഞ്ഞു.മണ്ണാര്‍ക്കാട് മേഖലയില്‍ ഇന്നലെ തുടങ്ങിയ നിയന്ത്രണത്താല്‍ ഒരൊറ്റ ദിവസം കൊണ്ട് 200 മെഗാവാട്ട് കുറഞ്ഞുവെന്ന് അദ്ദേഹം പറഞ്ഞു. 10 മുതല്‍ 15 മിനിറ്റ് വരെ മാത്രമാണ് വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്തുന്നത്.
വന്‍കിട വ്യവസായികളില്‍ ചെറിയ നിയന്ത്രണം ഏര്‍പ്പെടുത്തുന്നതിന് വേണ്ടിയാണ് വൈദ്യുതി നിയന്ത്രണം കൊണ്ടുവന്നത് എന്നും മേഖല തിരിച്ചുള്ള വൈദ്യുതി നിയന്ത്രണം ഗാര്‍ഹിക ഉപയോക്താക്കളെ ബാധിക്കില്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.ഇന്നലത്തെ ഉപഭോഗം 5800 മെഗാവാട്ടില്‍ നിന്ന് 5600 മെഗാവാട്ട് ആയി കുറഞ്ഞു. വന്‍ ഉപഭോക്താക്കള്‍ സ്വയം നിയന്ത്രണം തുടങ്ങിയത് ഫലം കാണുന്നുണ്ടെന്നും അലങ്കാര ലൈറ്റുകളും മറ്റും ഓഫ് ചെയ്ത് ജനങ്ങളും സഹകരിക്കണം എന്നും മന്ത്രി അഭ്യര്‍ത്ഥിച്ചു. സംസ്ഥാനത്ത് പവര്‍കട്ട് പരമാവധി ഏര്‍പ്പെടുത്താതിരിക്കാനാണ് സര്‍ക്കാരിന്റെ ശ്രമമെന്നും കൃഷ്ണന്‍കുട്ടി പറഞ്ഞു.