ഇറ്റാനഗര്‍: സന്തോഷ് ട്രോഫി ഫൈനല്‍ റൗണ്ടിലെ ഗ്രൂപ്പ് മത്സരത്തില്‍ കേരളത്തിന് ഇന്ന് നിര്‍ണായക മത്സരം. ആതിഥേയരായ അരുണാചല്‍ പ്രദേശാണ് കേരളത്തിന്റെ എതിരാളികള്‍. മൂന്ന് മത്സരങ്ങളില്‍ ഒന്ന് വീതം ജയവും സമനിലയും തോല്‍വിയുമുള്ള കേരളം നാല് പോയിന്റുമായി ഗ്രൂപ്പില്‍ നാലാം സ്ഥാനത്താണുള്ളത്. ഇതോടെയാണ് അവസാന രണ്ട് മത്സരങ്ങളും നിര്‍ണായകമായി മാറിയത്.
മുന്നേറ്റ നിര ഗോളുകള്‍ കണ്ടെത്താത്തതാണ് പ്രധാന പ്രശ്നം. ഗോവക്കെതിരായ തോല്‍വിക്ക് ശേഷം ടീമില്‍ മാറ്റം വരുത്തിയിട്ടും മേഘാലയയോട് സമനില വഴങ്ങി. നിലവില്‍ 7 പോയിന്റുമായി ഗ്രൂപ്പില്‍ ഗോവ ഒന്നാം സ്ഥാനത്തും 6 പോയിന്റുമായി സര്‍വീസസും അസമുമാണ് രണ്ടും മൂന്നും സ്ഥാനങ്ങളില്‍. ഗ്രൂപ്പില്‍ ആദ്യ നാല് സ്ഥാനക്കാരാണ് ക്വാര്‍ട്ടര്‍ ഫൈനലിന് യോഗ്യത നേടുക.