കോഴിക്കോട്: തൃശൂർ, ആലത്തൂർ തോൽവികൾ സംബന്ധിച്ച അന്വേഷണ റിപ്പോർട്ടുകൾ ഭാരവാഹികൾക്ക് മുന്നിൽ വെയ്ക്കാനൊരുങ്ങി കെപിസിസി നേതൃത്വം. നാളെ എറണാകുളത്ത് ചേരുന്ന കെപിസിസി ഭാരവാഹികളുടെയും ഡിസിസി പ്രസിഡന്റുമാരുടെയും യോഗത്തിൽ റിപ്പോർട്ടുകൾ പരസ്യപ്പെടുത്താനാണ് ഉദ്ദേശിക്കുന്നത്. യോഗത്തിൽ കെപിസിസി, ഡിസിസി പുനഃസംഘടനയടക്കം ചർച്ച ചെയ്യും.
25 കെപിസിസി ഭാരവാഹികളിൽ 19 പേർ, 14 ഡിസിസി പ്രസിഡന്റുമാരിൽ 10 പേർ തുടങ്ങി ഇത്രയും പേരെ നീക്കി പുനഃസംഘടന നടത്തണമെന്ന ശിപാർശയോടെയാണ് കേരളത്തിന്റെ ചുമതലയുള്ള എഐസിസി സെക്രട്ടറിമാർ ഹൈക്കമാൻഡിന് ഒരു റിപ്പോർട്ട് സമർപ്പിച്ചത്. അതിന് ശേഷം എഐസിസി സെക്രട്ടറിമാരുടെ കാര്യത്തിൽ വരെ മാറ്റങ്ങൾ വന്നെങ്കിലും കെപിസിസി, ഡിസിസി പുനഃസംഘടന അനന്തമായി നീളുകയാണ്. അതുകൊണ്ട് കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി ദീപാ ദാസ്മുൻഷിയുടെ നേതൃത്വത്തിൽ യോഗം ചേർന്ന് പുനഃസംഘടന സംബന്ധിച്ച കാര്യങ്ങളിൽ വ്യക്തത വരുത്തണമെന്നാണ് ഹൈക്കമാൻഡ് നൽകിയിരിക്കുന്ന നിർദേശം.
നാളെ എറണാകുളത്ത് ചേരുന്ന യോഗത്തിൽ എഐസിസി സെക്രട്ടറിമാരും കെപിസിസി ഭാരവാഹികളും ഡിസിസി പ്രസിഡന്റുമാരും പങ്കെടുക്കും. തൃശൂർ, ആലത്തൂർ മണ്ഡലങ്ങളിലെ യുഡിഎഫ് തോൽവിയിൽ കെ.സി ജോസഫ് അധ്യക്ഷനായ സമിതി നടത്തിയ അന്വേഷണത്തിന്റെ റിപ്പോർട്ടുകളും ഈ യോഗത്തിൽ വെയ്ക്കാനാണ് കെപിസിസി നേതൃത്വം ആലോചിക്കുന്നത്. റിപ്പോർട്ടുകൾ അന്വേഷണ സമിതി കഴിഞ്ഞ ദിവസങ്ങളിലായി കെപിസിസി നേതൃത്വത്തിന് സമർപ്പിച്ചിരുന്നു. ഈ റിപ്പോർട്ട് കെപിസിസി പ്രസിഡന്റ് കെ. സുധാകരൻ, പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ, തൃശൂരിലെ സ്ഥാനാർഥിയായിരുന്ന കെ. മുരളീധരൻ തുടങ്ങിയവർ പ്രത്യേകമായി കൂടിയിരുന്ന് ചർച്ച ചെയ്യും. സംഘടനാചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാലും യോഗത്തിൽ പങ്കെടുത്തേക്കും. യോഗത്തിന് മുൻപ് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റികളിൽ നടന്ന പുനഃസംഘടന സംബന്ധിച്ച റിപ്പോർട്ട് അതാത് ഡിസിസി പ്രസിഡന്റുമാർ നൽകണമെന്ന് കെപിസിസി നേതൃത്വം ആവശ്യപ്പെട്ടിട്ടുണ്ട്.