തിരുവനന്തപുരം: നവകേരള സദസിന്റെ മാതൃകയിൽ പ്രഭാത യോഗങ്ങൾ സംഘടിപ്പിക്കാൻ കെപിസിസി നേതൃത്വം തീരുമാനിച്ചു. കെപിസിസി സംഘടിപ്പിക്കുന്ന രാഷ്ട്രീയ പ്രചാരണ ജാഥയായ സമരാഗ്നിയിൽ ആണ് പ്രഭാഗ യോഗങ്ങൾ സംഘടിപ്പിക്കുക. എല്ലാ ദിവസവും രാവിലെ വാർത്താ സമ്മേളനം ഉണ്ടാകും.
എഐസിസി നേതാക്കളായ പ്രിയങ്ക ഗാന്ധിയും സച്ചിൻ പൈലറ്റും യോഗങ്ങളിൽ പങ്കെടുക്കും. രേവന്ത് റെഡി, സിദ്ധരാമയ്യ, ഡി.കെ.ശിവകുമാർ തുടങ്ങിയവരും സമരാഗ്നിയുടെ ഭാഗമാകും. ഫെബ്രുവരി ഒൻപതിന് കാസർഗോഡ് നിന്നാണ് ജാഥയ്ക്ക് തുടക്കം കുറിക്കുന്നത്. കോൺഗ്രസ് പ്രവർത്തക സമിതി അംഗം കെ.സി. വേണുഗോപാൽ ഉദ്ഘാടനം ചെയ്യും. സമരാഗ്നി പര്യടനം 27ന് തലസ്ഥാനത്ത് അവസാനിക്കും.കെപിസിസി അധ്യക്ഷൻ കെ.സുധാകരനും പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും ചേര്‍ന്നാണ് സമരാഗ്നി നയിക്കുന്നത്. മൂന്നോ നാലോ മണ്ഡലങ്ങള്‍ക്ക് ഒരു പരിപാടി എന്ന നിലയ്ക്ക് ജാഥ സംഘടിപ്പിക്കാനാണ് തീരുമാനം.
അവശ വിഭാഗങ്ങളുമായി കൂടിക്കാഴ്ച നടത്തുമെന്നും സർക്കാർ അവഗണിച്ചവരെ കേൾക്കുമെന്നും നേതൃത്വം അറിയിച്ചു. തൊഴിലാളി വിഭാഗങ്ങളുമായി ചർച്ച നടത്തും. ഇന്നു മുതല്‍ ജില്ലാതലങ്ങളിൽ സംഘാടക സമിതി രൂപീകരണം തുടങ്ങും. 32 പൊതുസമ്മേളനങ്ങളാണ് സമരാഗ്നിയിൽ ഉണ്ടാകുക.