കണ്ണൂർ : ഹൈക്കമാന്‍ഡ് ആവശ്യപ്പെട്ടാല്‍ ലോക്സഭാ തെരഞ്ഞെടുപ്പില്‍ കണ്ണൂരില്‍ മത്സരിക്കാന്‍ തയാറാണെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്. രണ്ട് പദവിയും ഒന്നിച്ച് കൊണ്ടു പോകാന്‍ ബുദ്ധിമുട്ടുള്ളതുകൊണ്ടാണ് മല്‍സരിക്കുന്നില്ലെന്ന് നേരത്തെ പറഞ്ഞത്. ലോക്സഭാ തെരഞ്ഞെടുപ്പില്‍ കോട്ടയം സീറ്റ് വിട്ടുനല്‍കാന്‍ കേരള കോണ്‍ഗ്രസിനോട് ആവശ്യപ്പെട്ടെന്നും സുധാകരൻ പറഞ്ഞു.
കെപിസിസി പ്രസിഡന്റ് സ്ഥാനവും എംപി സ്ഥാനവും ഒന്നിച്ചു കൊണ്ടുപോകുക ബുദ്ധിമുട്ടാണെങ്കിലും 20 സീറ്റും നേടാന്‍ വേണ്ടി ഹൈക്കമാന്‍ഡ് അത്തരമൊരു തീരുമാനമെടുത്താല്‍ തനിക്ക് നിഷേധിക്കാനാവില്ല. താന്‍ വിട്ടുവീഴ്ചയ്ക്ക് തയാറാണെന്നും സുധാകരന് പറഞ്ഞു. കണ്ണൂരില്‍ കെ.കെ.ഷൈലജ ശക്തയായ എതിരാളിയല്ലെന്നും സുധാകരന് പ്രതികരിച്ചു. അവര്‍ പ്രഗത്ഭയായ സ്ഥാനാര്‍ഥിയാണെന്ന് തോന്നുന്നില്ലെന്നും സുധാകരന് പറഞ്ഞു. സിറ്റിംഗ് എംപിമാര്‍ മാറിനില്‍ക്കണമെന്ന് ആഗ്രഹം പ്രകടിപ്പിച്ചാല്‍ അത് തള്ളില്ല. അവര്‍ക്ക് പകരം ശക്തനായ സ്ഥാനാര്‍ഥിയെ കണ്ടെത്തുമെന്നും സുധാകരന് കൂട്ടിച്ചേര്‍ത്തു. വിജയസാധ്യത കണക്കിലെടുത്താണ് കോട്ടയം സീറ്റ് ചോദിച്ചത്. എല്ലാവര്ക്കും സ്വീകാര്യനായ 100 ശതമാനം ജയസാധ്യതയുള്ള സ്ഥാനാര്‍ഥി കോണ്‍ഗ്രസിനുണ്ട്. ഇത് കേരളാ കോണ്‍ഗ്രസിനും ബോധ്യപ്പെട്ടിട്ടുണ്ട്. കോട്ടയം സീറ്റ് നല്കിയാല് കേരള കോണ്‍ഗ്രസിന് നിയമസഭയില്‍ കൂടുതല്‍ സീറ്റ് നല്‍കുമെന്നും സുധാകരന് പറഞ്ഞു.ആലപ്പുഴയില്‍ കെ.സി.വേണുഗോപാല്‍ മത്സരിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ടെന്നും സുധാകരന് അറിയിച്ചു. പക്ഷേ വേണുഗോപാല്‍ മറുപടി പറഞ്ഞിട്ടില്ല.