തിരുവനന്തപുരം : പാർട്ടി പരിപാടികൾക്കായി പുതിയ മാർഗ നിർദേശം പുറത്തിറക്കി കെപിസിസി. പാർട്ടിയിലെ അച്ചടക്കമില്ലായ്മ പരിഹരിക്കാനാണ് പുതിയ മാർഗ നിർദേശം. വേദിയിലെ കസേരകളുടെ എണ്ണം പരിമിതപ്പെടുത്തണമെന്ന് സർക്കുലറിൽ നിർദേശമുണ്ട്.
ഉത്തരവാദിത്തപ്പെട്ടവരും ക്ഷണിക്കപ്പെട്ട ഭാരവാഹികളും മാത്രമേ വേദിയിൽ പാടുള്ളൂ. കാര്യപരിപാടികൾ മുൻകൂട്ടി പ്രസിദ്ധീകരിക്കുകയും പ്രധാന ഭാരവാഹികൾ പങ്കെടുക്കുന്ന പരിപാടികളിൽ അവരുടെ പേരുകൾ സീറ്റുകളിൽ രേഖപ്പെടുത്തുകയും ചെയ്യണം. വേദികളിൽ തിക്കും തിരക്കും ഉണ്ടാകാതെ നോക്കേണ്ടത് പരിപാടി സംഘടിപ്പിക്കുന്ന ഘടകത്തിന്റെ പ്രസിഡന്റിന്റെ ചുമതലയാണെന്നും സർക്കുലർ നിർദേശിക്കുന്നു.
നേതാക്കൾ ദൃശ്യമാധ്യമങ്ങളോട് സംസാരിക്കുന്നതിലും കെപിസിസി മാർഗനിർദേശമിറക്കി. പുറകിൽ നിന്ന് തിക്കുംതിരക്കും ഉണ്ടാക്കരുത് എന്നുള്ളതാണ് നിർദേശം. കോഴിക്കോട് ഡിസിസി ഓഫീസിന്റെ ഉദ്ഘാടനത്തിന് ഉണ്ടാക്കിയ ഉന്തും തള്ളും പാർട്ടിക്ക് വലിയ നാണക്കേട് ഉണ്ടാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് കെപിസിസി സർക്കുലർ പുറത്തിറക്കിയത്.