കൊച്ചി: വ്യവസായ മന്ത്രി പി രാജീവിനെതിരെ രൂക്ഷ വിമർശനവുമായി കെ.പി.സി.സി ജനറൽ സെക്രട്ടറി ദീപ്തി മേരി വർഗീസ്. മഹാരാജാസ് കോളജിലെ എസ്എഫ്ഐയുടെ ഇടിമുറി നിയന്ത്രിച്ചിരുന്ന ആളാണ് പി രാജീവ് എന്ന് ദീപ്തി ആരോപിച്ചു. രാജീവ് കോളജിലെ വിദ്യാർഥിയല്ലാതിരുന്ന കാലത്തും കാമ്പസിലും യൂണിയൻ ഓഫീസിലും എത്തിയത് എന്തിനായിരുന്നുവെന്ന് അന്ന് അവിടെ പഠിച്ചിരുന്ന തനിക്ക് നന്നായി അറിയാം. ഇപ്പോൾ വടിവൊത്ത ഭാഷയിൽ സംസാരിക്കുന്ന രാജീവ് അന്ന് പെൺകുട്ടികളെ അഭിസംബോധന ചെയ്തിരുന്നത് ഇന്ന് ആർഷോ ഉപയോഗിക്കുന്നതിനെക്കാൾ മോശം ഭാഷയിലായിരുന്നുവെന്നും അവർ പറഞ്ഞു.
എൽഡിഎഫ് കൺവീനർ ഇപി ജയരാജൻ ഒരു റിക്രൂട്ടിങ് ഏജന്റായാണ് പ്രവർത്തിക്കുന്നതെന്നും ദീപ്തി മേരി വർഗീസ് പറഞ്ഞു. തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് സമയത്ത് ഇപി ജയരാജൻ ദല്ലാൾ നന്ദകുമാറിനൊപ്പം തന്നെ സമീപിച്ചിരുന്നു. ജയരാജനല്ല സീതാറാം യെച്ചൂരി വിളിച്ചാൽ പോലും അത് തള്ളിക്കളയാനുള്ള ഔചിത്യം തനിക്കുണ്ടെന്നും ദീപ്തി പറഞ്ഞു. സിപിഎമ്മിലേക്ക് മാത്രമല്ല ബി.ജെ.പിയിലേക്ക് ഇപി ജയരാജൻ ആളെ നോക്കിയിരുന്നുവെന്നും ദീപ്തി ആരോപിച്ചു.തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് സമയത്ത് പത്മജക്ക് പുറമെ കൊച്ചിയിലെ ഒരു കെപിസിസി ജനറൽ സെക്രട്ടറിയേയും സിപിഎമ്മിലേക്ക് ക്ഷണിക്കാൻ ഇ.പി ജയരാജനൊപ്പം സമീപിച്ചിരുന്നതായി ദല്ലാൾ നന്ദകുമാർ വെളിപ്പെടുത്തിയിരുന്നു. ഇത് സ്ഥിരീകരിച്ചുകൊണ്ട് പ്രതികരിക്കുകയായിരുന്നു കോർപ്പറേഷൻ കൗൺസിലർ കൂടിയായ ദീപ്തി മേരി വർഗീസ്.