തിരുവനന്തപുരം: പാര്‍ട്ടി വിലക്ക് ലംഘിച്ച് പലസ്തീന് ഐക്യദാര്‍ഢ്യപ്രകടനം നടത്തിയ ആര്യാടന് ഷൗക്കത്തിന് എതിരായ അച്ചടക്കലംഘനം ചര്‍ച്ച ചെയ്യാനായി കെപിസിസി അച്ചടക്ക സമിതി തിങ്കളാഴ്ച വീണ്ടും യോഗംചേരും. മലപ്പുറം ഡിസിസി പ്രസിഡന്റ് വി.എസ്. ജോയി അടക്കമുള്ള ഔദ്യോഗിക പക്ഷം നേതാക്കളുടെ വിശദീകരണം സമിതി കേള്‍ക്കും.
ഇവരുടെ വിശദീകരണം കേട്ടശേഷം അച്ചടക്ക സമിതി കെപിസിസി അധ്യക്ഷന്‍ കെ.സുധാകരന് റിപ്പോര്‍ട്ട് നല്‍കും. റിപ്പോർട്ടിന്റെ അടിസ്ഥാനത്തില്‍ പിന്നീടാകും കെപിസിസിയുടെ അന്തിമതീരുമാനം ഉണ്ടാവുക. നേരത്തെ, ആര്യാടന് ഷൗക്കത്തിന്റേയും അദ്ദേഹത്തെ പിന്തുണയ്ക്കുന്നവരുടെയും വാദങ്ങള്‍ അച്ചടക്ക സമിതി കേട്ടിരുന്നു. പറയാനുള്ളത് അച്ചടക്ക സമിതിക്ക് മുന്നില്‍ പറഞ്ഞിട്ടുണ്ടെന്നും പലസ്തീന് ഐക്യദാര്‍ഢ്യ റാലി നടത്താനുണ്ടായ സാഹചര്യം വിശദീകരിച്ചിട്ടുണ്ടെന്നുമാണ് ആര്യാടന് ഷൗക്കത്ത് പിന്നീട് പ്രതികരിച്ചത്.