കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ തൃശൂരില്‍ കെ മുരളീധരന് ഏറ്റുവാങ്ങിയ കനത്ത പരാജയത്തെക്കുറിച്ച് അന്വേഷിക്കാന്‍ കെപിസിസി നിയോഗിച്ച അന്വേഷണ സമിതി തങ്ങളുടെ റിപ്പോര്‍ട്ട് തയ്യാറാക്കിക്കഴിഞ്ഞു. വിവിധതലങ്ങളില്‍ കോണ്‍ഗ്രസ് നേതാക്കളെയും പ്രവര്‍ത്തകരെയും നേരില്‍ കണ്ടും സ്ഥിതിഗതികള്‍ അന്വേഷിച്ചുമാണ് സീനിയര്‍ നേതാക്കളായ കെസി ജോസഫ്, ആര് ചന്ദ്രശേഖരന്, ടി സിദ്ധിഖ് എംഎല്‍എ എന്നിവര്‍ റിപ്പോര്‍ട്ടു തയ്യാറാക്കിയത്. മുന്‍ എംപി ടിഎന്‍ പ്രതാപനും ഡിസിസി അധ്യക്ഷന്‍ ജോസ് വള്ളൂരിനും എതിരെ അതിശക്തമായ പരാമര്‍ശങ്ങള്‍ റിപ്പോര്‍ട്ടിലുണ്ടെന്നാണ് സൂചന. അതുകൊണ്ടാണ് റിപ്പോര്‍ട്ട് പുറത്തുവിട്ടു കൂടുതല്‍ പ്രശ്നങ്ങളുണ്ടാക്കേണ്ടെന്ന് സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വം തീരുമാനിച്ചതെന്നും അറിയുന്നു.
കെ മുരളീധരന്റെ തോല്‍വിക്ക് പിന്നിലെ പ്രധാന ഘടകം തൃശൂര്‍ ഡിസിസിയുടെ നിസഹകരണവും നിസംഗതയുമാണെന്ന് റിപ്പോര്‍ട്ട് കുറ്റപ്പെടുത്തുന്നുണ്ട്. താഴെ തട്ടു മുതല്‍ കോണ്‍ഗ്രസിന്റെ എല്ലാ ഘടകങ്ങളും നിര്‍ജ്ജീവമായിരുന്നു.ഡിസിസിയുടെ ഭാഗത്ത് നിന്നും യാതൊരു ഏകോപനവുമുണ്ടായില്ല. പലപ്പോഴും സ്ഥാനാര്‍ത്ഥിയും പാര്‍ട്ടിയും രണ്ടുവഴിക്കായിരുന്നു. മുന്‍എംപിയായ ടിഎന്‍ പ്രതാപനാകട്ടെ തന്നെ സ്വാധീനം ഒരു മേഖലയിലും ഉപയോഗിക്കാന്‍ തുനിഞ്ഞില്ല. പലപ്പോഴും സ്ഥാനാര്‍ത്ഥിയുടെ യോഗങ്ങള്‍ക്ക് ആളെക്കൂട്ടാന്‍ പോലും വിഷമിച്ചു. പ്രവര്‍ത്തകര്‍ എത്താത്ത് കൊണ്ട് ബൈക്ക് റാലിപോലും മാറ്റിവയ്കേണ്ട അവസ്ഥ വന്നു. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ജയിക്കണമെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ ആരും ആഗ്രഹിക്കാത്തപോലെയായിരുന്നു തെരഞ്ഞെടുപ്പ് പ്രചാരണം. ബൂത്ത് തലം മുതല്‍ ഡിസിസി തലം വരെ ഈ നിസംഗതയും നിസഹകരണവും വ്യക്ത്യമായിരുന്നു. ഇതൊക്കെയാണ് കെ മുരളീധരന്റെ പരാജയത്തിലേക്ക് നയിച്ചതെന്ന റിപ്പോര്‍ട്ടിലുണ്ട്. ഉന്നത കോണ്‍ഗ്രസ് നേതാക്കള്‍ തന്നെയാണ് ഈ സൂചന നല്‍കിയത്.
വയനാട്ടില്‍ രണ്ടു ദിവസം നടന്ന പാര്‍ട്ടി കോണ്‍ക്ളേവില്‍ ഈ റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്നാണ് കരുതപ്പെട്ടത്. എന്നാല്‍ അവിടെ വലിയ ചര്‍ച്ചകള്‍ക്കും വാദകോലാഹലങ്ങള്‍ക്കും ഈ റിപ്പോര്‍ട്ട് ഇടയാക്കുമെന്നും കോണ്‍ക്ളേവിന്റെ ശോഭ കെടുത്തുമെന്നും ഭയന്നാണ് അവിടെ വച്ചു റിപ്പോര്‍ട്ട് സമര്‍പ്പിക്കേണ്ടെന്ന് തീരുമാനമെടുത്തത്. കെ സി വേണുഗോപാലിന്റെ നിര്‍ദേശപ്രകാരമാണ് റിപ്പോര്‍ട്ടിനെക്കുറിച്ച് നിശബ്ദത പാലിച്ചതെന്നും അറിയുന്നു, റിപ്പോര്‍ട്ട് അവിടെ സമര്‍പ്പിച്ചാല്‍ അതിന്മ്മേല് ചര്‍ച്ച നടക്കുമെന്നു കരുതിയാണ് കെ മുരളീധരന് വയനാട് കോണ്‍ക്ളേവില്‍ നിന്നും മാറി നിന്നതെന്നു കരുതുന്ന കോണ്‍ഗ്രസ് നേതാക്കളുമുണ്ട്. തന്റെ പരാജയത്തിന് ഏതെങ്കിലും നേതാക്കളെ കുറ്റപ്പെടുത്താന്‍ താന്‍ ഒരുക്കമല്ലന്നു അദ്ദേഹം ആദ്യം തന്നെ പറഞ്ഞിരുന്നു. അതുകൂടുതല്‍ പ്രശ്നങ്ങളിലേക്ക് നയിക്കുമെന്ന് അദ്ദേഹത്തിനറിയാം. മാത്രമല്ല വരുന്ന
നിയമസമഭാ തെരഞ്ഞെടുപ്പില്‍ വട്ടിയൂര്‍ക്കാവില്‍ നിന്നും മല്‍സരിക്കുമ്പോള്‍ ഈ വിഷയത്തിലുള്ള തന്റെ പ്രതികരണങ്ങള്‍ തന്നെ തിരിഞ്ഞു കൊത്തരുതെന്നും അദ്ദേഹം ആഗ്രഹിക്കുന്നു.
റിപ്പോര്‍ട്ടില്‍ തന്നെക്കുറിച്ച് എതിര്പരാമര്ശങ്ങളുണ്ടെന്നറിയാവുന്നത് കൊണ്ടാണ് ടിഎന്‍ പ്രതാപന് കെ മുരളീധരനെതിരെ യോഗത്തില്‍ സംസാരിച്ചതെന്നാണ് ചില കോണ്‍ഗ്രസ് നേതാക്കള്‍ നല്കുന്ന സൂചന. കെ മുരളീധരന് പരാജയപ്പെട്ടതിന് പിന്നില്‍ തങ്ങളല്ലന്നും അദ്ദേഹത്തിന്റെ പ്രവര്‍ത്തനശൈലിയാണ് ഒരു പരിധിവരെ
തോല്‍വിക്ക് കാരണമായതെന്നും ടിഎന്‍ പ്രതാപന് തുറന്നടിച്ചു. എന്നാല്‍ ഇത്തരം ചര്‍ച്ചകള്‍ അധികം നീട്ടിക്കൊണ്ടുപോകേണ്ട എന്ന തിരുമാനമാണ് കോണ്ക്ളേവിലുണ്ടായത്. അടുത്തയാഴ്ച കെപിസിസിക്ക് റിപ്പോര്‍ട്ടു സമര്‍പ്പിക്കാനാണ് അന്വഷണ കമ്മീഷന് ഉദ്ദേശിക്കുന്നത്. ആലത്തൂരിലെ രമ്യാഹരിദാസിന്റെ പരാജയം കൂടി അന്വേഷണ വിധേയമാക്കി റി്പ്പോര്‍ട്ടില്‍ ചേര്‍ക്കാനാണ് കെപിസിസി നിര്‍ദേശം നല്‍കിയിരിക്കുന്നത്. രണ്ടുമണ്ഡലങ്ങളിലെ പരാജയത്തെക്കുറിച്ചുള്ള സമ്പൂര്‍ണ്ണ അന്വേഷണ റിപ്പോര്‍ട്ടായിരിക്കും
മൂന്നംഗ കമ്മിറ്റി സമര്‍പ്പിക്കുക. ഇത്തരത്തില്‍ നിരവധി അന്വേഷണ റിപ്പോര്‍ട്ടുകള്‍ കെപിസിസി ഓഫീസില്‍ പൊടിപിടിച്ചുകിടക്കുന്നത് കൊണ്ട് രണ്ടു ദിവസത്തെ വാദ പ്രതിവാദങ്ങള്‍ കഴിഞ്ഞാല്‍ ഈ റിപ്പോര്‍ട്ടും ആവിയായിപ്പോകുമെന്നാണ് കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നത്. ഇതുവരെയുള്ള കീഴ്വഴക്കവും അങ്ങിനെയാണ്