തനിക്കെതിരെ നിരന്തരം വാര്‍ത്തകള്‍ പടച്ചുവിടാന്‍ പ്രതിപക്ഷ നേതാവ് വിഡി സതീശന് ഓണ്‍ലൈന്‍ മാധ്യമങ്ങളെ ഉപയോഗിക്കുന്നതായി കെപിസിസി അധ്യക്ഷന്‍ കെ സുധാകരന് കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തിന് പരാതി നല്കി. കോട്ടയം ആസ്ഥാനമായ ഒരു ഓണ്‍ലൈന്‍ മാധ്യമത്തെ ഉപയോഗിച്ചുകൊണ്ട് തനിക്കെതിരെ നിരന്തരം വാര്‍ത്തകള്‍ ചമക്കുകയാണെന്നാണ് കെ സുധാകരന് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന് നല്കിയ പരാതിയില്‍ പറയുന്നത്. തനിക്കെതിരെ നിരന്തരം വാര്‍ത്തകള്‍ നല്കുന്ന ഓണ്‍ലൈനിന്റെ പേരും പരാതിയിലുണ്ടെന്നാണ് അറിയുന്നത്.
കെ സുധാകരന്റെ ആരോഗ്യാവസ്ഥയെപ്പറ്റി ഊഹാപോഹങ്ങള്‍ പ്രചരിപ്പിക്കുന്ന റിപ്പോര്‍ട്ടുകള്‍ മാധ്യമങ്ങള്‍ക്ക് സ്ഥിരമായി നല്‍കുന്നത് വിഡി സതീശന്റെയാളുകളാണ് എന്നാണ് സുധാകരന് പക്ഷം പറയുന്നത്. കെപിസിസി അധ്യക്ഷന്റെ ജോലി നിര്‍വ്വഹിക്കാന്‍ കഴിയാത്ത വണ്ണം സുധാകരന് ആരോഗ്യപ്രശ്നങ്ങളുണ്ടെന്നും പ്രതിപക്ഷ നേതാവിനോടടുപ്പമുള്ളവര് വിവിധ മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്നുണ്ടെന്നും അവര്‍ കുറ്റപ്പെടുത്തുന്നു. കെപിസിസി അധ്യക്ഷന്‍ രോഗാതുരനാണെന്ന കള്ളപ്രചാരണം അഴിച്ചുവിടുന്നത് അദ്ദേഹത്തെ ആ സ്ഥാനത്ത് നിന്നും നീക്കാനാണെന്നും സുധാകരനോടുത്ത ആളുകള്‍ പറയുന്നു.കഴിഞ്ഞായാഴ്ച വയനാട്ടില്‍ നടന്ന കോണ്‍ഗ്രസ് കോണ്‍ക്ളേവിലും ഈ വിഷയം ഉയര്‍ന്നുവന്നിരുന്നു. അന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ ഇടപെട്ടാണ് ഈ വിഷയവുമായി ബന്ധപ്പെട്ട ചർച്ച അവസാനിപ്പിച്ചത്.
ലോക്സഭാ തെരഞ്ഞെടുപ്പുകഴിയുമ്പോള്‍ കെ സുധാകരനെ കെപിസിസി അധ്യക്ഷ സ്ഥാനത്ത് നിന്നുനീക്കാമെന്നാണ് വിഡി സതീശന് കരുതിയിരുന്നത്. എന്നാല്‍ കണ്ണൂരില്‍ കെ സുധാകരന് വലിയ വിജയം ഉണ്ടാവുകയും, സംസ്ഥാനത്തൊട്ടാകെ കോണ്‍ഗ്രസിനും യുഡിഎഫിനും നേട്ടമുണ്ടാവുകയും ചെയ്തതോടെ സുധാകരനെ തൊടാന്‍ കഴിയാതെ വന്നു. ഇതോടെയാണ് സുധാകരനെതിരായ വാർത്തകള്‍ വിവിധ ഓണ്‍ലൈന്‍മാധ്യമങ്ങളില്‍ പ്രചരിക്കാന്‍ തുടങ്ങിയതെന്ന് സുധാകരന് അനുകൂലികള്‍ ചൂണ്ടിക്കാട്ടുന്നു. ഇതിന് പിന്നില്‍ പ്രതിപക്ഷ നേതാവിനോടടുത്തയാളുകളാണെന്നു തങ്ങളുടെ പക്കല്‍ തെളിവുകളുണ്ടെന്നും ഇവര്‍ പറയുന്നു.
വിഡിസതീശനും കെസുധാകരനും തമ്മില്‍ കടുത്ത അഭിപ്രായഭിന്നതയുണ്ടെന്ന് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന് അറിയാമെങ്കിലും അതൊരിക്കലും പുറത്ത് കാണിക്കരുതെന്ന കര്‍ശന ശാസന ഇവര്‍ക്ക് നല്കിയിരിക്കുന്നതുകൊണ്ടുമാത്രമാണ് പലപ്പോഴും തര്‍ക്കങ്ങള്‍ പുറത്തറിയാത്തത്്. കെസുധാകരനെ കെപിസിസി അധ്യക്ഷ സ്ഥാനത്ത് നിന്നും മാറ്റണമെന്നാവശ്യപ്പെട്ട്് പലതവണ വിഡി സതീശന് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിനെ സമീപിച്ചിരുന്നെങ്കിലും ഫലമുണ്ടായില്ല.
കേരളത്തിലെ പാര്‍ട്ടി അണികള്‍ക്കിടയില്‍ കെ സുധാകരന് കനത്ത സ്വാധീനമുണ്ടെന്ന്് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിനറിയാം. അതുകൊണ്ട് കെ സുധാകരനെ മാറ്റുന്ന കാര്യത്തില്‍ വരുന്ന നിയമസഭാ തെരഞ്ഞെടുപ്പുവരെ ഹൈക്കമാന്‍ഡിന്റെ ഭാഗത്തുനിന്നും അനുകൂല തിരുമാനമുണ്ടാകില്ല.
നിയമസഭാ തെരെഞ്ഞെടുപ്പില്‍ സുധാകരന് കണ്ണൂരില്‍ നിന്നും മല്‍സരിക്കുമെന്ന കാര്യം ഏതാണ്ടുറപ്പായി കഴിഞ്ഞു. അതും വിഡി സതീശന് വലിയ തലവേദനയുണ്ടാക്കുന്നുണ്ട്. സതീശന്റെ മുഖ്യമന്ത്രി സ്ഥാനം തട്ടിയെടുക്കാനാണ് കെ സുധാകരന് കളിക്കുന്നതെന്നാണ് സതീശന് പക്ഷം വിശ്വസിക്കുന്നത്. കെ സുധാകരന് സീനിയര്‍ നേതാക്കളായ ഏകെ ആന്റെണി രമേശ് ചെന്നിത്തല തുടങ്ങിയവരുടെ പിന്തുണയുണ്ട്. ശശി തരൂരിനും സുധാകരനോട് താല്‍പ്പര്യക്കുറവില്ല. ഇവര്‍ക്കാര്‍ക്കും വിഡി സതീശനുമായി അത്ര നല്ല വ്യക്തിബന്ധവുമില്ല. ഇതാണ് സതീശന് അനുകൂലികളെ ഭയപ്പെടുത്തുന്നത്. അതുകൊണ്ട് കെ സുധാകരനെ ലക്ഷ്യം വച്ചുകൊണ്ട് നിരവധി പ്രചാരണങ്ങള്‍ വിവിധ ഓണ്ലൈന്മാധ്യമങ്ങളിലൂടെ അഴിച്ചുവിടുകയാണ് സതീശന് പക്ഷമെന്ന് കെ സുധാകരന് അനുകൂലികള്‍ വിശ്വസിക്കുന്നു.
ലോക്സഭാ തെരെഞ്ഞെടുപ്പില്‍ സുധാകരന് മല്‍സരിക്കുന്നതിന്റെ പശ്ചാത്തലത്തില്‍ കെപിസിസി അധ്യക്ഷന്റെ ചുമതല താല്‍ക്കാലികമായി എംഎം ഹസന് കൈമാറിയിരുന്നു. ഇത് സ്ഥിരം ചുമതലയാക്കിമാറ്റാന് വിഡി സതീശന് നടത്തിയ നീക്കം ഏകെ ആന്റെണിയുടെ ഇടപടെലിനെ തുടര്‍ന്ന് പാളിപ്പോയിരുന്നു. കെപിസിസി അധ്യക്ഷനും നിയമസഭാ കക്ഷി നേതാവും ഇപ്പോള്‍ സമാന്തര പാതകളിലൂടെയാണ് സഞ്ചരിക്കുന്നത്. അവര്‍ തമ്മിലുള്ള അകലം കൂടിവരികയാണെന്നും കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് മനസിലാക്കുന്നുണ്ട്. എന്നാല്‍ കേരളത്തിലെ കോണ്‍ഗ്രസിലെ കോണ്‍ഗ്രസിനെ നയിക്കാന്‍ ഇനി മറ്റൊരു ടീമിനെ കണ്ടുപിടിക്കാന്‍ കഴിയില്ലന്നും ഹൈക്കമാന്‍ഡ് മനസിലാക്കുന്നുണ്ട്