കടുത്ത സിപിഎം വിരുദ്ധ രാഷ്ട്രീയ നിലപാടുകള്‍ കൈക്കൊണ്ട് കോണ്‍ഗ്രസില്‍ പിടിയുറപ്പിക്കാനുള്ള ശ്രമവുമായി കെപിസിസി അധ്യക്ഷൻ കെ സുധാകരന്. മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല തന്റെ ഒരുമാസത്തെ ശമ്പളം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തതിനെ കടുത്ത ഭാഷയില്‍ സുധാകരന് വിമര്‍ശിച്ചത് ഇതിന്റെ പശ്ചാത്തലത്തിലാണെന്നാണ് കോണ്‍ഗ്രസ് വൃത്തങ്ങള്‍ നല്കുന്ന സൂചന. പ്രതിപക്ഷ നേതാവ് വിഡി സതീശനടക്കമുള്ളവർ പലവിഷയങ്ങളിലും സിപിഎമ്മിനോട് മൃദുസമീപനം കാണിക്കുന്നുവെന്ന വിമര്‍ശനമാണ് ഇതിലൂടെ കെ സുധാകരന് ഉയര്‍ത്തുന്നത്. കോണ്‍ഗ്രസില്‍ എക്കാലത്തും സിപിഎം വിരുദ്ധത ഉയര്‍ത്തിപ്പിടിച്ച നേതാവ് താനാണെന്നും ആ നിലപാട് മുന്നോട്ടുകൊണ്ടുപോവുക എന്നതാണ് തന്റെ രാഷ്ട്രീയ ദൗത്യമെന്നും കെ സുധാകരന് കരുതുന്നു.
കോണ്‍ഗ്രസ് അണികളില്‍ തന്റെ സ്വാധീനം ഉറപ്പിച്ചെടുക്കാനുള്ള തന്ത്രപരമായ നീക്കത്തിലാണ് കെ സുധാകരന്. കേരളത്തിലെ കോണ്‍ഗ്രസില്‍ സുധാകരനുള്ള പിന്തുണയെ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡും തിരിച്ചറിയുന്നുണ്ട്. അതുകൊണ്ട് തന്നെയാണ് വിഡി സതീശന് എത്ര ശ്രമിച്ചിട്ടും സുധാകരനെതിരെയുള്ള സമീപനം കൈക്കൊള്ളാന്‍ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് മടിക്കുന്നത്. കേരളത്തില്‍ കോണ്‍ഗ്രസ് രാഷ്ട്രീയമായി നേരിടേണ്ടത് സിപിഎമ്മിനെയാണെന്ന തിരിച്ചറിവ് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിനുണ്ട്. കെ സുധാകരന് എടുക്കുന്ന നിലപാടുകളെ തിരുത്താന്‍ ഹൈക്കമാന്‍ഡ് മടിക്കുന്നതും അതുകൊണ്ടാണ്.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ വെട്ടിപ്പുനടക്കുന്നുവെന്ന ആരോപണം പലതവണ കോണ്‍ഗ്രസ് ഉന്നയിച്ചിട്ടുള്ളതാണ്. നിയമസഭയില്‍ ഈ വിഷയത്തില്‍ പലതവണ അടിയന്തിരപ്രമേയം കൊണ്ടുവരികയും ചെയ്തു. എന്നിട്ടും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കണമെന്ന രമേശ് ചെന്നിത്തല അടക്കമുള്ള നേതാക്കള്‍ തീരുമാനിച്ചത് രാഷ്ട്രീയമായി ശരിയല്ല എന്ന നിലപാടാണ് കെ സുധാകരനുളളത്. സിപിഎമ്മുമായി ഒരു തരത്തിലുളള അനുരഞ്ജനത്തിനും താന്‍ ഒരുക്കമല്ലന്ന സൂചന തന്നെയാണ് അദ്ദേഹം നല്‍കുന്നത്. സുധാകരന് ഈ നിലപാട് കൈക്കൊണ്ടതോടെ സിഎംഡിആര്‍എഫിലേക്ക് സംഭാവന നല്കാന് ഒരുങ്ങിയ കോണ്‍ഗ്രസിലെ മറ്റു ജനപ്രതിനിധികള്‍ പിന്‍വലിയുകയും ചെയ്തു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ കോണ്‍ഗ്രസ് ജനപ്രതിനിധികളും ഈ നിലപാട് തന്നെ എടുക്കുമെന്ന സൂചനയാണ് കോണ്‍ഗ്രസില്‍ നിന്നും ലഭിക്കുന്നത്.
കേരളത്തിലെ കോണ്‍ഗ്രസില്‍ പിടിമുറുക്കാന്‍ തന്നെയാണ് കെ സുധാകരന്റെ തീരുമാനം. വിഡി സതീശനെതിരെ പാര്‍ട്ടിക്കുള്ളില്‍ ഉരുണ്ടുകൂടിയിരിക്കുന്ന അസംതൃപ്തിയെ മുതലെടുത്ത് കൊണ്ട് നേതൃസ്ഥാനത്തേക്ക് വരാനാണ് അദ്ദേഹം ശ്രമിക്കുന്നത്. വരുന്ന നിയമസഭാ തെരഞ്ഞെടുപ്പ് വരെ അദ്ദേഹം കെപിസിസി അധ്യക്ഷ സ്ഥാനത്ത് തുടരുമെന്നകാര്യം ഏതാണ്ട് തീര്‍ച്ചയാണ്. നിയമസഭാ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥികളെ തിരുമാനിക്കുന്ന കാര്യത്തിലുള്‍പ്പെടെ അദ്ദേഹത്തിന് വലിയ സ്വാധീനം ചെലുത്താന്‍ കഴിയും. വിഡി സതീശന്റെ കൂടെ നില്ക്കുന്ന ചില നേതാക്കള്‍ അടുത്തയിടെ കെ സുധാകരന് പക്ഷത്തേക്ക് കൂറുമാറിയിരുന്നു. കെസി വേണുഗോപാലിന് സതീശനോട് പഴയ താല്പര്യം ഇല്ലന്നതും സുധാകരന് കൂടുതല്‍ മേല്‍ക്കൈ നല്കുന്നു.
പിണറായി വിജയനും സിപിഎമ്മിനുമെതിരായ വിമര്‍ശനങ്ങള്‍ കടുപ്പിക്കാനാണ് കെ സുധാകരന്റെ തീരുമാനം. വയനാട് കോണ്‍ക്ളേവില്‍ രൂപപ്പെടുത്തിയെടുത്ത മിഷന് 2025 ന്റെ ഭാഗമായി എല്ലാ ജില്ലകളിലും പ്രമുഖ നേതാക്കളെ ചുമതലകള്‍ ഏല്‍പ്പിക്കാനുള്ള വിഡി സതീശന്റെ തിരുമാനത്തെ കെ സുധാകരന് അര്‍ധരാത്രിയില്‍ യോഗം വിളിച്ചു പൊളിച്ചടുക്കിയിരുന്നു. ഇതേ തുടര്‍ന്ന് സുധാകരനെ മാറ്റിയില്ലെങ്കില്‍ പ്രതിപക്ഷ നേതൃസ്ഥാനം ഒഴിയുമെന്ന് വരെ വിഡി സതീശന് ഹൈക്കമാന്‍ഡിനോട് പറഞ്ഞെങ്കിലും അതു ചെവിക്കൊള്ളാന്‍ കോണ്‍ഗ്രസ് ദേശീയ നേതൃത്വം തയ്യാറായില്ല.ഇതോടെ സുധാകരന് വീണ്ടും ഫോമിലായി. പ്രതിപക്ഷ നേതാവിന്റെ നിര്‍ദേശപ്രകാരം ജില്ലകളിലെ നേതൃസ്ഥാനം ഏറ്റെടുത്ത നേതാക്കള്‍ക്ക് ആ പദവിയില്‍ തുടരാനും കഴിഞ്ഞില്ല.
സിപിഎമ്മുമായി അനുരഞ്ജനത്തിന് തയ്യാറല്ലന്ന ഉറച്ച നിലപാട് കോണ്‍ഗ്രസില്‍ സുധാകരന്റെ സ്വാധീനം വര്‍ധിപ്പിക്കും. കെപിസിസി ഇപ്പോള്‍ തന്നെ പൂര്‍ണ്ണമായും അദ്ദേഹത്തിന്റെ കയ്യിലാണ്. ഡിസിസി അധ്യക്ഷന്മ്മാരിൽ എറണാകുളത്തെ മുഹമ്മദ് ഷിയാസ് മാത്രമാണ് സതീശന്റെ കൂടെയുള്ളത്. എംപിമാരില്‍ ഭൂരിഭാഗവും കെസി വേണുഗോപാലിനെ പിന്തുണക്കുന്നു. ശശി തരൂരിന്റെ പിന്തുണയും കെ സുധാകരനാണ്. ഈ നീക്കങ്ങളൊക്കെ കോണ്‍ഗ്രസിലെ ശാക്തിക ചേരിയില്‍ വലിയ മാറ്റങ്ങളുണ്ടാക്കുമെന്ന കാര്യം ഉറപ്പാണ്