തിരുവനന്തപുരം : കെപിസിസി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റിയോഗം ഇന്ന് ചേരും. സ്ഥാനാർഥി നിർണയവുമായി ബന്ധപ്പെട്ട ചർച്ചകൾക്കാണ് യോഗം ചേരുന്നത്. ഷാഫി പറമ്പിൽ എംപി, വി.കെ ശ്രീകണ്ഠൻ എംപി, പാലക്കാട് ഡിസിസി പ്രസിഡൻ്റ് എന്നിവരോട് തിരുവനന്തപുരത്ത് എത്താൻ കെപിസിസി പ്രസിഡൻ്റ് കെ. സുധാകരൻ അറിയിച്ചു.
ഇന്ന് രാവിലെ 11 മണിയോടുകൂടിയായിരിക്കും യോഗം. ചേലക്കര, പാലക്കാട് മണ്ഡലങ്ങളിലെ സ്ഥാനാർഥി നിർണയമാണ് ഇതുവരെ പൂർത്തിയാകാത്തത്. കെപിസിസി നേതൃയോഗം ഇന്നലെ കൊച്ചിയിൽ നടന്നിരുന്നുവെങ്കിലും ഇക്കാര്യം ചർച്ച ചെയ്തിരുന്നില്ല.
പാലക്കാട് സ്ഥാനാർഥി നിർണയവുമായി ബന്ധപ്പെട്ട് തർക്കങ്ങൾ നിലനിൽക്കുന്നുണ്ട്. ഇത് പരിഹരിക്കുകയായിരിക്കും ഇന്നത്തെ പ്രധാന ചർച്ച. സ്ഥാനാർഥി നിർണയം പൂർത്തിയാക്കി അന്തിമ പട്ടിക ഇന്ന് തന്നെ ഹൈക്കമാൻഡിന് അയക്കാനാണ് തീരുമാനം.