കോഴിക്കോട് : പെട്രോൾ പമ്പ് ജീവനക്കാരന്റെ കണ്ണിൽ മുളകുപൊടി വിതറി പണം തട്ടിയ കേസിൽ പ്രതികൾ പിടിയിൽ. മലപ്പുറം സ്വദേശികളായ
മൂന്ന് പേരെ മുക്കം പൊലീസ് അറസ്റ്റ് ചെയ്തതു. ഒരാൾ ഇപ്പോഴും ഒളിവിലാണ്. പണം തട്ടുകയായിരുന്നു പ്രതികളുടെ ലക്ഷ്യമെന്ന് പൊലീസ് അറിയിച്ചു. പ്രതികളെ വൈകിട്ട് കോടതിയില്‍ ഹാജരാക്കും.
കഴിഞ്ഞ പതിനേഴിന് പുലര്‍ച്ചെ രണ്ട് മണിക്കാണ് ഓമശ്ശേരി മാങ്ങാപൊയിലിലെ പെട്രോള്‍ പമ്പില്‍ ജീവനക്കാരന്റെ കണ്ണിൽ മുളകുപൊടി വിതറി പണം തട്ടിയത്. വെള്ളില സ്വദേശി സാബിത്ത് അലി, നിലമ്പൂര്‍ സ്വദേശി അനൂപ് എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. അറസ്റ്റിലായ മറ്റൊരാൾക്ക് പ്രായപൂര്‍ത്തിയായിട്ടില്ല. കേസിലെ നാലാമനായ അന്‍സാറിന് വേണ്ടിയുള്ള തെരച്ചിൽ പൊലീസ് ശക്തമാക്കിയിട്ടുണ്ട്. വയനാട് സ്വദേശിയാണ് ഇയാളെന്നാണ് അറസ്റ്റിലായവരുടെ മൊഴി.
ആക്രമണ ശേഷം കാറുമായി അൻസാർ മുങ്ങിയെന്നാണ് പൊലീസ് കണ്ടെത്തല്‍. അറസ്റ്റിലായ പ്രതികളില്‍ സാബിത്തിനെയും അനൂപിനെയും സംഭവം നടന്ന പമ്പില്‍ എത്തിച്ച് പൊലീസ് തെളിവെടുപ്പ് നടത്തി. കൃത്യം നടത്തിയതെങ്ങനെയെന്ന് പ്രതികള്‍ കാണിച്ചുകൊടുത്തു. മൂവായിരം രൂപയാണ് പ്രതികള്‍ ജീവനക്കാരനായ സുരേഷ് ബാബുനെ ആക്രമിച്ച് തട്ടിയെടുത്തിരുന്നത്. രണ്ടായിരം രൂപയുടെ പെട്രോളും അടിച്ചിരുന്നു.