കോഴിക്കോട്: യുവാവിന്റെ അപകട മരണത്തിനിടയാക്കിയ മണ്ണുമാന്തിയന്ത്രം പൊലീസ് സ്റ്റേഷനില്‍നിന്ന് കടത്തിയ സംഭവത്തില്‍ എസ്ഐക്ക് സസ്പെന്ഷന്. കോഴിക്കോട് മുക്കം പൊലിസ് സ്റ്റേഷനിലെ സബ് ഇന്‍സ്പെക്ടര്‍ നൗഷാദിനെതിരെയാണ് നടപടി. യുവാവിന്റെ മരണത്തിനിടയാക്കിയ മണ്ണുമാന്തി യന്ത്രം സ്റ്റേഷനില്‍ നിന്നും ഒരു സംഘം കടത്തിക്കൊണ്ടുപോകുകയായിരുന്നു.
അപകട മരണ കേസില്‍ തൊണ്ടിമുതലായി കസ്റ്റഡിയിലെടുത്ത മണ്ണുമാന്തിയന്ത്രമാണ് മുക്കം പൊലീസ് സ്റ്റേഷന് കോമ്പൗണ്ടില്‍ നിന്ന് കഴിഞ്ഞ ചൊവ്വാഴ്ച ഏഴംഗസംഘം കടത്തിയത്. പൊലീസിന്റെ അറിവോടെയാണ് സ്റ്റേഷന് കോമ്പൗണ്ടില്‍ നിന്ന് മണ്ണുമാന്തിയന്ത്രം മാറ്റിയത് എന്ന ആക്ഷേപം ഉയര്‍ന്നതിനെ തുടര്‍ന്ന് സംഭവത്തില്‍ വകുപ്പ് തല അന്വേഷണം നടത്തിയിരുന്നു. തുടര്‍ന്ന് എസ്ഐയെ സസ്പെന്‍ഡ് ചെയ്യാന്‍ ഉത്തരമേഖല ഡിഐജി ഉത്തരവിടുകയായിരുന്നു. സംഭവത്തില്‍ മൂന്ന് പൊലീസുകാര്‍ക്കെതിരെ വകുപ്പുതല നടപടിക്ക് ശുപാര്‍ശയുണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
തോട്ടുമുക്കത്ത് കഴിഞ്ഞമാസം 19ന് ഈ മണ്ണുമാന്ത്രിയന്ത്രമിടിച്ച് ബൈക്ക് യാത്രികനായ സുധീഷ് മരിച്ചിരുന്നു. പ്രദേശത്തെ ക്രഷര്‍ ഉടമയുടേതാണ് മണ്ണുമാന്തി യന്ത്രം. മണ്ണുമാന്തി യന്ത്രത്തിന് റജിസ്ര്ടേഷനോ മറ്റുരേഖകളോ ഇല്ലായിരുന്നു. വാഹനം മാറ്റി രേഖകളുള്ള മറ്റൊരു മണ്ണുമാന്തി യന്ത്രമാണ് പകരം ഇതേസ്ഥലത്ത് കൊണ്ടിട്ടത്ത്. തൊണ്ടിമുതല്‍ മാറ്റിയതിന് വാഹന ഉടമയുടെ മകന് മാര്ട്ടിന് കൂട്ടാളികളായ ജയേഷ്, രജീഷ് മാത്യു, രാജ്, മോഹന്‍ രാജ, ദീലീപ് കുമാര്‍ എന്നിവരെ പൊലീസ് അറസ്റ്റുചെയ്തിരുന്നു. കടത്തിയ മണ്ണുമാന്തി യന്ത്രം പിന്നീട് തിരുവമ്പാടിയില്‍നിന്ന് കസ്റ്റഡിയിലെടുത്തു.