കോഴിക്കോട് : ചേവായൂര്‍ സഹകരണ ബാങ്ക് തെരഞ്ഞടുപ്പമായി ബന്ധപ്പെട്ട സംഘര്‍ഷത്തില്‍ പ്രതിഷേധിച്ച് കോഴിക്കോട് ജില്ലയില്‍ നാളെ കോണ്‍ഗ്രസ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തു. രാവിലെ ആറുമണി മുതല്‍ വൈകീട്ട് ആറുമണിവരെ 12 മണിക്കൂറാണ് ഹര്‍ത്താല്‍. അവശ്യസര്‍വീസുകളെ ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കുമെന്ന് ഡിസിസി പ്രസിഡന്റ് കെ പ്രവീണ്‍ കുമാര്‍ അറിയിച്ചു.
ചേവായൂര്‍ ബാങ്ക് തെരഞ്ഞെടുപ്പിനിടെ ഉണ്ടായ സംഘര്‍ഷത്തില്‍ പൊലീസ് നിഷ്ക്രിയത്വത്തിലും സിപിഎം അതിക്രമത്തിലും പ്രതിഷേധിച്ചാണ് കോണ്‍ഗ്രസ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്. ഇന്ന് രാവിലെ എട്ടുമണിക്ക് വോട്ടെടുപ്പ് തുടങ്ങിയതിന് പിന്നാലെ തന്നെ കോണ്‍ഗ്രസും സിപിഎം പിന്തുണയുള്ള കോണ്‍ഗ്രസ് വിമതരും തമ്മില്‍ കള്ളവോട്ട് സംബന്ധിച്ച ആരോപണ പ്രത്യാരോപണങ്ങള്‍ തുടങ്ങിയിരുന്നു. രാവിലെ വോട്ടര്‍മാരുമായി എത്തിയ ഏഴ് വാഹനങ്ങള്‍ക്ക് നേരെ വിവിധ ഇടങ്ങളില്‍ ആക്രമണം ഉണ്ടായി. ഏതാനും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് മര്‍ദ്ദനമേറ്റു. സഹകരണ വകുപ്പിന്റെയും പൊലീസിന്റെയും പിന്തുണയോടെ വ്യാപകമായി കള്ളവോട്ട് നടക്കുകയാണെന്ന് എം കെ രാഘവന് എംപി ആരോപിച്ചു.
തുടര്‍ന്ന് തെരഞ്ഞെടുപ്പ് മാറ്റിവെയ്ക്കണമെന്ന് ആവശ്യപ്പെട്ടുള്ള പ്രതിഷേധം സംഘര്‍ഷത്തില്‍ കലാശിച്ചു. രാവിലെ നടന്ന സംഘര്‍ഷത്തിന് പിന്നാലെ ഉച്ചയ്ക്കുശേഷം കോണ്‍ഗ്രസ് പ്രവര്‍ത്തകരും സിപിഎം പ്രവര്‍ത്തകരും തമ്മില്‍ സംഘര്‍ഷമുണ്ടായി. കോണ്‍ഗ്രസ് വിമതരും കോണ്‍ഗ്രസ് പ്രവര്‍ത്തകരും തമ്മിലും ഏറ്റുമുട്ടി. പൊലീസ് ഇടപെട്ടെങ്കിലും സംഘര്‍ഷം നിയന്ത്രിക്കാനായിട്ടില്ല. തെരഞ്ഞെടുപ്പ് നടക്കുന്ന സ്ഥലത്തെ റോഡില്‍ വെച്ചാണ് പ്രവര്‍ത്തകര്‍ ഏറ്റുമുട്ടിയത്. പരസ്പരം കസരേകള്‍ എടുത്താണ് തല്ലിയത്. സ്ഥലത്ത് എംകെ രാഘവന് എംപി ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ് നേതാക്കള്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു. വോട്ടെടുപ്പ് നടക്കുന്ന പറയഞ്ചേരി സ്കൂളിന് പുറത്താണ് കോണ്‍ഗ്രസ്- സിപിഎം പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷം ഉണ്ടായത്.