കോഴിക്കോട് : മോഹന്‍ലാല്‍ – പൃഥ്വിരാജ് ചിത്രം എംപുരാനെതിരായ പ്രതിഷേധം തെരുവിലേക്ക്. ഗുജറാത്ത് കലാപം ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ പ്രതിപാദിക്കുന്ന സിനിമയ്ക്കെതിരെ സംഘപരിവാര്‍ കേന്ദ്രങ്ങള്‍ കടുത്ത വിമര്‍ശനം ഉയര്‍ത്തുന്നതിനിടെ വിവാദത്തില്‍ പരസ്യ പ്രതിഷേധവുമായി ഹനുമാന് സേനയാണ് രംഗത്തെത്തിയിരിക്കുന്നത്.
കോഴിക്കോട് അപ്സര തീയറ്റര്‍ പരിസരത്ത് ഞായറാഴ്ച വൈകീട്ട് പ്രതിഷേധം സംഘടിപ്പിക്കുമെന്നാണ് പ്രഖ്യാപനം. എംപുരാനെ കത്തിക്കും എന്നാണ് ഹനുമാന് സേനയുടെ പ്രതിഷേധത്തിന് നല്‍കിയിരിക്കുന്ന തലക്കെട്ട്. എംപുരാന് ചരിത്രത്തെ വളച്ചൊടിച്ച സിനിമയാണെന്നും ചിത്രം നിരോധിക്കണമെന്നും ഹനുമാന് സേന ആവശ്യപ്പെടുന്നു. സുപ്രീംകോടതി വിധിയെ പോലും അവഗണിച്ചാണ് സിനിമ ചിത്രീകരിച്ചിരിക്കുന്നത്. ലെഫ്റ്റനന്റ് കേണല്‍ പദവി ഉപയോഗിച്ച് രാജ്യദ്രോഹത്തിന് കൂട്ടു നിന്ന മോഹന്‍ലാലിന്റെ പദവി തിരിച്ചുവാങ്ങണം എന്നും ഹനുമാന് സേന ആവശ്യപ്പെടുന്നു.
അതേസമയം, വിമര്‍ശനങ്ങള്‍ക്കിടെ സിനിയില്‍ മാറ്റം വരുത്താനും അണിയറ പ്രവര്‍ത്തകര്‍ തയ്യാറായിട്ടുണ്ട്. 17 ഇടങ്ങളില്‍ മാറ്റം വരുത്തിയ പതിപ്പ് അടുത്തായഴ്ച തീയറ്ററില്‍ എത്തും. നിര്‍മാതാക്കള്‍ നിര്‍ദേശിച്ചതു പ്രകാരമാണ് മാറ്റമെന്നാണ് സൂചന. അടുത്തയാഴ്ച തീയറ്ററില്‍ എത്തുന്ന പുതിയ പതിപ്പില്‍ പതിനേഴു ഭാഗങ്ങള്‍ ഒഴിവാക്കും. സ്ത്രീകള്‍ക്കെതിരായ അതിക്രമവും കലാപത്തിലെ ചില രംഗങ്ങളുമാണ് ഒഴിവാക്കുക. ചില പരാമര്‍ശങ്ങള്‍ മ്യൂട്ട് ചെയ്യാന്‍ നിര്‍ദേശിച്ചിട്ടുണ്ടെന്ന് നിര്‍മാതാവ് ഗോകുലം ഗോപാലന് തന്നെ വ്യക്തമാക്കിയിരുന്നു.
എന്നാല്‍, എംപുരാന് സിനിമയുമായി ബന്ധപ്പെട്ട് കനത്ത വാക്ക്പോരാണ് സാമൂഹ്യമാധ്യമങ്ങളിലും മറ്റ് ചര്‍ച്ചകളിലും പുരോഗമിക്കുന്നത്. പ്രതിഷേധവും ഭീഷണിയും ഒരു വശത്ത് ഉയരുമ്പോഴും പ്രമുഖര്‍ ഉള്‍പ്പെടെ എംപുരാന്റെ അണിയറ പ്രവര്‍ത്തകര്‍ക്ക് പിന്തുണയര്‍പ്പിച്ച് എത്തുകയും ചെയ്യുന്നുണ്ട്.
കേരളത്തെ അപകീര്‍ത്തിപ്പെടുത്തും വിധം അവതരിപ്പിക്കപ്പെട്ട ‘ദ കേരള സ്റ്റോറി’ക്ക് ഇല്ലാത്ത സെന്‍സര്‍ ബോര്‍ഡ് കട്ട് എംപുരാന് എന്തിനാണെന്ന് ചോദ്യം ഉന്നയിക്കുകയാണ് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. ഗുജറാത്ത് കലാപവും ഗോധ്ര സംഭവവും ഒക്കെ ഇന്ത്യന്‍ ചരിത്രത്തിന്റെ ഭാഗമാണ്. അത് ഏതു തുണികൊണ്ട് മറച്ചാലും ഏത് കത്രിക കൊണ്ട് മുറിച്ചാലും തലമുറകള്‍ കാണുകയും അറിയുകയും ചെയ്യും. സിനിമയുടെ ഉള്ളടക്കത്തിന്റെ പേരില്‍ അഭിനേതാക്കള്‍ക്കും സിനിമാ പ്രവര്‍ത്തകര്‍ക്കുമെതിരെ ഭീഷണി മുഴക്കുകയും സൈബര്‍ ആക്രമണം നടത്തുകയും ചെയ്യുന്നത് മുന്‍ചെയ്തികളെ ഭയക്കുന്നവരാണ്. തങ്ങള്‍ക്ക് ഹിതകരമല്ലാത്തത് സെന്‍സര്‍ ചെയ്യുമെന്ന ധാര്‍ഷ്ട്യം വ്യക്തമാക്കുന്നത് ഫാസിസ്റ്റ് മനോഭാവമാണ്. ആവിഷ്കാര സ്വാതന്ത്ര്യം ജനാധിപത്യത്തിന്റെ മൂലക്കല്ലാണ്. അത് തടയാനുള്ള ഏതു നടപടിയും എതിര്‍ക്കപ്പെടേണ്ടതാണ്. എന്നും ശിവന്‍കുട്ടി ഫെയ്സ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.