കോഴിക്കോട്: ലോക്സഭ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ നാളെ നടക്കാനിരിക്കെ, വടകരയില്‍ പ്രത്യേക സേനാ വിന്യാസവുമായി ജില്ലാഭരണകൂടം. അതീവ പ്രശ്നബാധിത മേഖലകളില്‍ കൂടുതല്‍ പൊലീസിനെ വിന്യസിക്കുമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു. ഇന്നു വൈകീട്ടു മുതല്‍ നാളെ വൈകീട്ടു വരെ വോട്ടെണ്ണല്‍ കേന്ദ്രത്തിന് സമീപം നിരോധനാജ്ഞ പ്രഖ്യാപിച്ചു.
വടകരയിലെ വിജയാഹ്ലാദ പ്രകടനങ്ങള്‍ നേരത്തെ അറിയിക്കണമെന്നും ജില്ലാ കലക്ടര്‍ രാഷ്ട്രീയപാര്‍ട്ടികളോട് നിര്‍ദേശിച്ചിട്ടുണ്ട്. വടകരയില്‍ വോട്ടെടുപ്പിന് ശേഷവും സംഘര്‍ഷാവസ്ഥ നിലനിന്നിരുന്നു. എല്‍ഡിഎഫിന്റെ കെ കെ ശൈലജയും കോണ്‍ഗ്രസിന്റെ ഷാഫി പറമ്പിലും തമ്മില്‍ കടുത്ത പോരാട്ടമാണ് വടകരയില്‍ നടന്നത്.വടകരയില്‍ എല്‍ഡിഎഫിന് നേരിയ ഭൂരിപക്ഷം ഉണ്ടാകുമെന്നാണ് എക്സിറ്റ്പോള്‍ പ്രവചനങ്ങള്‍ പറയുന്നത്. എന്നാല്‍ 35,000 നടുത്ത് ഭൂരിപക്ഷത്തിന് വിജയം നേടാനാകുമെന്നാണ് യുഡിഎഫിന്റെ കണക്കുകൂട്ടല്‍.
ഇടത് പക്ഷത്തിന് വലിയ വിജയമുണ്ടാകുമെന്ന് കെ.കെ.ശൈലജ പ്രതികരിച്ചു.വടകരയില്‍ തോല്‍ക്കണമെങ്കില്‍ ഏതെങ്കിലും തരത്തിലുള്ള അട്ടിമറി നടക്കണം. അങ്ങനെയൊരു അട്ടിമറി നടന്നോയെന്ന് ഇപ്പോള്‍ പറയാന്‍ സാധിക്കില്ലെന്നായിരുന്നു ശൈലജയുടെ പ്രതികരണം. വടകരയിലെ വോട്ടെണ്ണിക്കഴിയുമ്പോള്‍ വലിയ ആഹ്ലാദമാകും യുഡിഎഫ് ക്യാമ്പിലുണ്ടാവുകയെന്ന് ഷാഫി പറമ്പിലും പ്രതികരിച്ചു.