കോഴിക്കോട് : നഗരത്തിൽ യുവദമ്പതികളെ ബൈക്കിലെത്തി ആക്രമിച്ച സംഭവത്തിൽ നടപടിയുമായി പൊലീസ്. സംഭവത്തിൽ നാല് പേരെ നടക്കാവ് പൊലീസ് കസ്റ്റഡിയിലെടുത്തു. ഇവരുടെ ബൈക്കും പിടിച്ചെടുത്തു. സംഭവം ഏഷ്യാനെറ്റ് ന്യൂസായിരുന്നു പുറത്തെത്തിച്ചത്. വാർത്തയെ തുടർന്ന് പോലീസ് കുറ്റക്കാർക്കെതിരെ നടപടിയെടുക്കുകയായിരുന്നു.
കഴിഞ്ഞ ദിവസം രാത്രി പത്ത് മണിയോടെയാണ് ഇരിങ്ങാടൻപള്ളി സ്വദേശി അശ്വിനും ഭാര്യയ്ക്കും നഗരമധ്യത്തിൽവെച്ച് ദുരനുഭവം ഉണ്ടായത്. സിനിമ കണ്ട് മടങ്ങുമ്പോൾ ബൈക്കുകളിൽ പിന്തുടർന്നെത്തിയ സംഘം ഭാര്യയെ ശല്യം ചെയ്തത് ചോദ്യം ചെയ്തതിനാണ് അശ്വിനെ മർദ്ദിച്ചത്. ബൈക്കിലെത്തിയ യുവാക്കളിൽ ഒരാൾ അശ്വിനെ ഹെൽമറ്റ് ഉപയോഗിച്ച് തലക്കടിച്ചെങ്കിലും കണ്ടു നിന്ന ആളുകൾ ഇവരെ പിന്തിരിപ്പിക്കാൻ ശ്രമിച്ചില്ല. തുടർന്ന് ദമ്പതികൾ സിറ്റി ട്രാഫിക് പോലീസിലും നടക്കാവ് ഇൻസ്പെക്ടർക്കും പരാതിപ്പെട്ടെങ്കിലും നടപടിയെടുക്കാൻ വൈകിയെന്നും ഇവർ ആരോപിച്ചിരുന്നു. രാത്രിയിൽ നൽകിയ പരാതിയിൽ പിറ്റേന്ന് രാവിലെയും പൊലീസിൽ നിന്നും അന്വേഷണം ഉണ്ടായില്ലെന്നും അശ്വിൻ ആരോപിച്ചിരുന്നു. എന്നാൽ ഏഷ്യാനെറ്റ് ന്യൂസ് വാർത്തയെ തുടർന്ന് പൊലീസ് നടപടിയെടുക്കാൻ നിർബന്ധിതരാകുകയായിരുന്നു.
കേസിൽ മുഹമ്മദ് അജ്മൽ എന്ന യുവാവിനെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തിരിക്കുന്നത്. ഇയാളാണ് തങ്ങളെ അക്രമിച്ചതെന്നും മറ്റുള്ളവർ ഇയാളെ തടയാൻ ശ്രമിച്ചെന്നും അശ്വിൻ പൊലീസിന് നൽകിയ മൊഴിയിൽ പറയുന്നു. നിലവിൽ ഇയാളെ മാത്രമാണ് കേസിൽ പ്രതി ചേർത്തിരിക്കുന്നത്. ഞായറാഴ്ച്ച രാത്രി പത്തുമണിക്ക് നടന്ന സംഭവത്തിൽ തിങ്കളാഴ്ച്ച രാവിലെ ഏഷ്യാനെറ്റ് ന്യൂസ് വാർത്ത പുറംലോകത്തെ അറിയിച്ചതിനു ശേഷം ഉച്ചക്ക് ഒന്നരയോടെയാണ് പൊലീസ് പ്രതികളെ കണ്ടെത്തി നടപടിയിലേക്ക് നീങ്ങിയത്. ഡിസിപി അടക്കമുള്ള ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ ഇടപെടലിനെ തുടർന്നാണ് മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുന്ന അശ്വിന്റെ ഭാര്യയുടെ മൊഴിയെടുത്തത്.
ഈ വിഷയത്തിൽ ഏഷ്യാനെറ്റ് നൽകിയ വാർത്തയും അതിന്റെ ഫോളോ അപ്പ് വാർത്തകളും കാണാം..