കോവളം ഏരിയ കമ്മിറ്റി ഓഫീസ് ഉദ്ഘാടനവേദിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ നൽകിയത് കൃത്യവും, വ്യക്തവുമായ സന്ദേശം. തന്റെ പ്രസംഗത്തിലുടെനീളം മുഖ്യമന്ത്രി ആക്രമിച്ചത് കോൺഗ്രസിനെയും, പ്രതിപക്ഷത്തെയുമായിരുന്നെങ്കിലും, അദ്ദേഹം ഭംഗ്യന്തരേണ മറുപടി നൽകിയത് സ്വന്തം പാർട്ടിയിലെയും, മുന്നണിയിലെയും നേതാക്കൾക്കാണ്. പി ശശിയുടെയും, എഡിജിപി എംആർ അജിത്കുമാറിന്റെയും രക്തത്തിനു വേണ്ടി ദാഹിക്കുന്ന സ്വന്തം പക്ഷത്തുള്ള നേതാക്കൾ തൽക്കാലത്തേക്കെങ്കിലും നിരാശപ്പെടേണ്ടി വരുമെന്ന സുവ്യക്തമായ സന്ദേശവും മുന്നറിയിപ്പുമാണ് പിണറായി വിജയൻ തന്റെ കോവളം പ്രസംഗത്തിലൂടെ നൽകിയത്.
സിപിഎമ്മിന്റെയും ഇടതുമുന്നണിയുടെയും നേതാവ് താനാണ്. തന്റെ പൊളിറ്റിക്കൽ സെക്രട്ടറിയെയും, തന്റെ കീഴിലുള്ള ഉദ്യോഗസ്ഥനെയും എപ്പോൾ മാറ്റണം എന്ന് താൻ തീരുമാനിക്കും. അതിനു പാർട്ടിയോ മുന്നണിയോ തല പുകക്കേണ്ടതില്ല. ഇതാണ് കോവളം ഏരിയാ കമ്മിറ്റി ഓഫീസ് ഉദ്ഘാടനവേളയിൽ മുഖ്യമന്ത്രി വ്യക്തമാക്കിയത്. പാർട്ടിക്കുള്ളിൽ നിന്നും, മുന്നണിക്കുള്ളിൽ നിന്നും തനിക്കെതിരെ ഉയരാൻ സാധ്യതയുള്ള നേരിയ ശബ്ദങ്ങളെ പോലും നിശബ്ദമാക്കുക എന്നത് മാത്രമാണ് അദ്ദേഹം ലക്ഷ്യം വച്ചത്.
കഴിഞ്ഞ എട്ടുവർഷമായി പാർട്ടിയിലും, മുന്നണിയിലും എന്തു നടക്കണം എന്ന് തീരുമാനിക്കുന്നത് മുഖ്യമന്ത്രി പിണറായി വിജയൻ തന്നെയാണ്. ഇനിയും അതിനു മാറ്റമുണ്ടാകില്ലന്ന സൂചനയാണ് സിപിഎം-ഇടതു നേതാക്കൾക്ക് അദ്ദേഹം നൽകിയത്. പിവി അൻവർ അല്ലാ ആരു വളയമില്ലാതെ ചാടിയാലും അതൊന്നും തന്നെ ബാധിക്കുന്ന കാര്യങ്ങളേയല്ല. പി ശശിയെയും, അജിത്കുമാറിനെയും മാറ്റുമെങ്കിൽ അതു താൻ ആഗ്രഹിച്ചാൽ മാത്രമേ നടക്കുകയുള്ളു. അല്ലാതെ പാർട്ടിയും മുന്നണിയും അവയുടെ നേതാക്കളുമൊന്നും അതിനായി വെള്ളം കോരേണ്ട. ഇതാണ് മുഖ്യമന്ത്രി പറഞ്ഞതിന്റെ രത്നച്ചുരുക്കം.
പി വി അൻവർ ഉന്നയിച്ച ആരോപണങ്ങൾക്ക് താൻ നേരിട്ട് മറുപടി പറയേണ്ട എന്ന നിലപാടാണ് മുഖ്യമന്ത്രി എടുത്തത്.എംആർ അജിത്കുമാർ ആർ എസ് എസ് നേതാക്കളെ കണ്ടത് മാത്രമാണ് അദ്ദേഹത്തിന് അല്പമെങ്കിലും തലവേദനയുണ്ടാക്കുന്ന വിഷയമായിട്ടുള്ളത്. ആ വിഷയം പരിഹരിക്കാനുള്ള വഴിയും തനിക്കറിയാമെന്ന സൂചന നൽകാനും അദ്ദേഹം മറന്നില്ല. പിവി അൻവർ ഉയർത്തിയ ആരോപണങ്ങളെ മുഖ്യമന്ത്രി അവഗണിക്കുകയല്ല മറിച്ചു അതു പരിഹരിക്കേണ്ട മാർഗത്തിലൂടെ പരിഹരിക്കുമെന്നാണ് അദ്ദേഹം ജനങ്ങളോട് പറയുന്നത്. മലപ്പുറം എസ് പി ശശിധരനെ മാറ്റിയത് അതിന്റെ ഉദാഹരണമാണ്. മലപ്പുറം എസ് പി ക്കെതിരെയാണ് അൻവർ ആദ്യം വെടിപൊട്ടിച്ചത്. അദ്ദേഹത്തെ മാറ്റിയാൽ പിവി അൻവറിനെ തൽക്കാലത്തെക്ക് തണുപ്പിക്കാൻ പറ്റുമെന്നും പിണറായിക്കറിയാം. ഈ മാർഗത്തിലൂടെ ഒച്ചയും ബഹളവുമില്ലാതെ പ്രശ്നങ്ങൾ താൻ സെറ്റിൽ ചെയ്തുകൊള്ളാമെന്നും പാർട്ടിയും മുന്നണിയും അക്കാര്യത്തിൽ ഇടപെടേണ്ട എന്ന മുന്നറിയിപ്പുമാണ് അദ്ദേഹം നൽകിയത്.
ഇപ്പോഴും മുന്നണിയിലും ഭരണത്തിലും അവസാനവാക്ക് താൻ തന്നെയെന്ന് മുഖ്യമന്ത്രി അടിവരയിട്ട് പറയുകയായിരുന്നു കോവളം പ്രസംഗത്തിലൂടെ, എം വി ഗോവിന്ദനും, ബിനോയ് വിശ്വത്തിനുമൊക്കെ അതു മനസിലായിട്ടുമുണ്ടാകും.